Latest NewsKeralaNews

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ട്രാൻസ്ജെൻഡറിനെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ട്രാൻസ്‌ജൻഡറിന്‌ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തടവ് കൂടാതെ 25,000 രൂപ പിഴയും ചുമത്തി. ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിന് സമീപം സഞ്‌ജു സാംസ(34)നെയാണ്‌ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു ട്രാൻസ്‌ജെൻഡർ ശിക്ഷിക്കപ്പെടുന്നത്‌.

2016 ഫെബ്രുവരി 23നാണ്‌ കേസിനാസ്‌‌പദമായ സംഭവം നടന്നത്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയുമായി സഞ്‍ജു പരിചയത്തിലായി. സൗഹൃദം സ്ഥാപിച്ച് കുട്ടിയെ തമ്പാനൂർ പബ്ലിക്‌ കംഫർട്ട് സ്റ്റേഷനിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കൊപ്പം പോകാൻ കുട്ടി ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ, പിന്നീട് സഞ്‍ജു കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് ആദ്യം സംഭവം പറഞ്ഞില്ല.

ഇതിനിടെ കുട്ടിയുടെ ഫോൺ നമ്പർ സഞ്‍ജു കൈക്കലാക്കിയിരുന്നു. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിൽ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടി പോയില്ല. നിരന്തരം മെസേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോൺ ബ്ലോക്ക് ചെയ്‌തപ്പോൾ പ്രതി ഫെയ്‌സ്‌ബുക്കിലൂടെ മെസേജുകൾ അയച്ചു. കുട്ടിയുടെ ഫെയ്‌സ്‌ബുക്‌ അമ്മയുടെ ഫോണിൽ ടാഗ്‌ ചെയ്‌തിട്ടുണ്ടായിരുന്നു. മെസേജുകൾ കണ്ട അമ്മ കുട്ടിയുമായി സംസാരിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പൊലീസ് നിർദേശപ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച്‌ തമ്പാനൂരെത്തിച്ചു, തുടർന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ ട്രാൻസ്‌വുമണായി മാറി. എന്നാൽ, സംഭവ സമയത്തും ട്രാൻസ്‌ജെൻഡറായിരുന്നെന്നും പേര് ഷെഫിൻ എന്നായിരുന്നുവെന്നും പ്രതി വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. സംഭവസമയത്ത്‌ പ്രതിയുടെ ലൈംഗികശേഷി പരിശോധന പൊലീസ്‌ നടത്തിയത് ഇയാൾക്ക് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button