തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.
മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.
Post Your Comments