ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പേഴ്സണൽ കംപ്യൂട്ടറുകളുടെ ഡിമാൻഡ് വൻ തോതിൽ കുറഞ്ഞിരുന്നു. ഇത് കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുന്നതോടെ 6,650 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുക.
ആദ്യ ഘട്ടത്തിൽ കമ്പനിയുടെ 5 ശതമാനം ജീവനക്കാരാണ് പുറത്തേക്ക് പോകുക. കോവിഡ് മഹാമാരിയുടെ കാലത്ത് കംപ്യൂട്ടർ വിൽപ്പന ഉയർന്നിരുന്നെങ്കിലും, പിന്നീട് ഇടിയുകയായിരുന്നു. 2022- ന്റെ നാലാം പാദത്തിലാണ് പേഴ്സണൽ കംപ്യൂട്ടറുകളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞത്. 2021- മായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനത്തിന്റെ ഇടിവാണ് 2022- ൽ നേരിട്ടത്.
പ്രധാനമായും പേഴ്സണൽ കംപ്യൂട്ടറുകളുടെ വിൽപ്പനയിലൂടെയാണ് കമ്പനിക്ക് കൂടുതൽ ലാഭം ലഭിക്കുന്നത്. ഡെൽ ടെക്നോളജീസിന് പുറമേ, എച്ച്പിയും പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകുന്നുണ്ട്. ഏകദേശം ആറായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് എച്ച്പിയുടെ നീക്കം.
Post Your Comments