റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മണിക്കൂറിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കും. തബുക്ക്, അൽജൗഫ്, ഉത്തര അതിർത്തി, ഹായിൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം, സൗദി അറേബ്യയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments