മൂന്നാര്‍: ടിടിസി വിദ്യാര്‍ഥിനിയെ മൂന്നാറിലെത്തി മുഖത്ത് വെട്ടിയ കേസിലെ പ്രതി ആല്‍വിന്‍ ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. 19കാരിയായ പ്രിന്‍സിയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും മരണശേഷമെങ്കിലും ഒന്നിക്കാമെന്ന് കരുതിയാണ് വെട്ടിയതെന്നുമാണ് ആല്‍വിന്‍ പറയുന്നത്. ചെറുപ്പകാലം മുതൽ പ്രിന്‍സിയെ പരിചയമുണ്ടായിരുന്നു. ആ സുഹൃത്ത് ബന്ധം പിന്നീട് തനിക്ക് അവളോടുള്ള പ്രണയമായി മാറി. ഒരിക്കല്‍ തമാശ രൂപേണ പ്രണയം പ്രിന്‍സിയോട് പറഞ്ഞു നോക്കി. എന്നാൽ താല്‍പര്യമില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ആക്രമിക്കാന്‍ തോന്നിയത് എന്നും ആല്‍വിന്‍ പറഞ്ഞു.
പ്രിന്‍സി തന്നോട് ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ആല്‍വിന്‍ പൊലീസിനോട് പറഞ്ഞു. എന്നെങ്കിലും പ്രിന്‍സിക്ക് സ്നേഹം മനസിലാകുമെന്നാണ് കരുതിയത്. ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പൂലര്‍ത്തണമെന്നായിരുന്നു പ്രിന്‍സി നൽകിയിരുന്ന മറുപടി. ഫോണിൽ ശല്യം തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം പ്രിന്‍സി, ആല്‍ബിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഫോണിലൂടെ അവഗണിക്കുന്നതായി തോന്നിത്തുടങ്ങിയതോടെ പ്രിന്‍സി പൂര്‍ണമായും ഒഴിവാക്കുകയാണെന്ന് ബോധ്യമായി. ഇതോടെയാണ് കൊല്ലണമെന്ന ചിന്ത ഉണ്ടായത്.
തുടർന്ന് മൂന്നാറിലെത്തി കാത്തു നിന്നു. ക്ലാസ് കഴിഞ്ഞ് വൈകിട്ട് അഞ്ചോടെ നല്ലതണ്ണി റോഡിലൂടെ നടന്നുവന്ന പ്രിന്‍സിയെ ആൽവിൻ പിന്തുടര്‍ന്നു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സി താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് ആൽവിൻ തുടര്‍ച്ചയായി വെട്ടി. ആൽവിന്റെ ആക്രമണത്തില്‍ കഴുത്തിന് മുകളിലായി ഇടത് ചെവിയിലും കവിളിലുമാണ് പ്രിൻസിക്ക് വെട്ടേറ്റത്. രക്തത്തില്‍ കുളിച്ച് പാതയോരത്ത് കിടന്ന പ്രിന്‍സിയെ ഇതുവഴി വാഹനത്തിലെത്തിയ ടൂറിസ്റ്റ് ഗൈഡുകളാണ് കണ്ടെത്തി ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അത്യാഹിത വിഭാഗത്തില്‍ ഇപ്പോൾ ചികിത്സയിലാണ്.
Post Your Comments