കോട്ടയം: മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തായ അയൽവാസിക്ക് 20 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുപ്പള്ളി സ്വദേശിയും പാമ്പാടിയിൽ വാടകയ്ക്കു താമസിക്കുകയും ചെയ്തിരുന്ന സി.എൻ. ബാബു(53)വിനെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) കെ.എൻ. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2017 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിന്റെ സുഹൃത്തായ പ്രതി നിരന്തരം വീട്ടിൽ എത്തിയിരുന്നു. സംഭവദിവസം വീട്ടിലെത്തിയ പ്രതി, കുട്ടിക്ക് മിഠായി വാങ്ങി നൽകാമെന്നു പറഞ്ഞ് സമീപത്തെ കടയിലേക്കു വിളിച്ചുകൊണ്ടു പോകുകയും റബർത്തോട്ടത്തിൽവച്ച് പീഡിപ്പിക്കുകയുമായിരുന്നു.
സന്ധ്യ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാവ് പിന്നാലെ തിരക്കിയിറങ്ങി. ഇവർ നടന്നു വരുന്നതിനിടെയാണ് പ്രദേശത്തെ റബർത്തോട്ടത്തിൽ നിന്നു പ്രതി കുട്ടിയുമായി കയറിവരുന്നത് കണ്ടത്.
തുടർന്ന്, വീട്ടിലെത്തിയശേഷം മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണു പീഡന വിവരം പുറത്തറിഞ്ഞത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments