മസ്‌കത്ത്: സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാൽ വീതം പ്രതിമാസം പിഴ ചുമത്തുമെന്നാണ് വേജസ് പ്രൊട്ടക്ഷൻ (ഡബ്ല്യു പി എസ്) പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സാലം അൽ സാബിത് വ്യക്തമാക്കിയിട്ടുള്ളത്.
എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാണ് നിർദ്ദേശം. തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോ മാസവും പിഴ ഇരട്ടിയാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാം. ഇതിനെതിരെ നടപടിയുണ്ടാകില്ല.
കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയത്തിന് വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികൾ ലഭിച്ചിരുന്നു. ഇതിൽ ചില കമ്പനികൾ ജീവനക്കാരുടെ ശമ്പളം എട്ടുമാസം വരെ വൈകിപ്പിച്ചിരുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ബാങ്കുകൾ വഴിയോ സേവനം നൽകാൻ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനം ഉപയോഗിക്കണമെന്നാണ് മന്ത്രാലയം നൽകുന്ന നിർദ്ദേശം.
Leave a Comment