തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്വർണ്ണപണയങ്ങൾ നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി പുതിയ സംവിധാനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച സഹകരണ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വായ്പാതിരിച്ചടവ് കൃത്യമായി മോണിട്ടർ ചെയ്യുന്നതിനും സഹകരണ സംഘങ്ങൾക്ക് നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. വായ്പക്കാരനും ബാങ്കുമായി കൃത്യമായ ആശയവിനിമയം ഉണ്ടായിരിക്കണമെന്ന മാർഗ നിർദ്ദേശവും പുതിയ ഉത്തരവിൽ ഉണ്ട്.
ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ:
- സ്വർണ്ണപ്പണയത്തിന്റെ ആഭരണങ്ങളുടെ ലേലനടപടികൾക്കായി അതത് സംഘങ്ങളിൽ സംഘം പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് (സെക്രട്ടറി), 2 ഭരണസമിതി അംഗങ്ങൾ, ഒരു സീനിയർ ജീവനക്കാരൻ എന്നിവർ അടങ്ങിയ ഒരു സബ് കമ്മിറ്റി രൂപീകരിക്കും.
- സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുമ്പോൾ നിലവിലെ ഏതെങ്കിലും പണയ വായ്പ സംഘത്തിന് നഷ്ടം ഉണ്ടാക്കുമെന്ന് ബോധ്യപ്പെട്ടാൽ അത് അടിയന്തിരമായി സബ് കമ്മിറ്റിയ്ക്ക് റിപ്പോർട്ട് ചെയ്യണം.
- സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ്( സെക്രട്ടറി)/ശാഖാ മാനേജർ സ്വർണ്ണത്തിന്റെ മാർക്കറ്റ് വില നിരന്തരം നിരീക്ഷിക്കും.
- ഈടിന്റെ മൂല്യത്തിലുണ്ടായ കുറവ് നികത്തുന്നതിനാവാശ്യമായ പണം അടയ്ക്കാനോ അധിക സ്വർണ്ണം ഈടു നൽകുന്നതിനോ ഇനിമുതൽ സംഘത്തിന് വായ്പക്കാരനോട് ആവശ്യപ്പെടാം.
- ഇത് വായ്പക്കാരൻ ചെയ്യുന്നില്ലെങ്കിൽ വായ്പയുടെ കാലാവധിയായിട്ടില്ലെങ്കിൽപ്പോലും നോട്ടീസ് നൽകി തുടർന്ന് 14 ദിവസങ്ങൾക്കുള്ളിൽ സ്വർണ്ണം സബ്കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാം.
- സ്വർണ്ണപ്പണയ വായ്പാകാലാവധി അവസാനിച്ചു കഴിഞ്ഞാൽ ലേലനടപടികൾ സ്വീകരിക്കുന്നതിനു മുൻപ് വായ്പ തിരികെഅടയ്ക്കുന്നതിന് 14 ദിവസം സമയം നൽകിക്കൊണ്ട് വായ്പാക്കാർക്ക് രജിസ്റ്റേർഡ് നോട്ടീസ് നൽകണം. എന്നിട്ടും തുക അടച്ചില്ലങ്കിൽ മാത്രമേ ഈട് സ്വർണ്ണം ലേലം ചെയ്യുന്നതിന് തീരുമാനം എടുക്കാവൂ.
- ലേല നോട്ടീസ് കിട്ടിയ വ്യക്തി വായ്പ കുടിശ്ശിക തുകയുടെ 50% തുക അടയ്ക്കുകയും ബാക്കി തുക 30 ദിവസത്തിനുള്ളിൽ നൽകി വായ്പ അവസാനിപ്പിക്കാമെന്നും രേഖാമൂലം സംഘത്തിന് അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, ലേല നടപടികൾ മാറ്റിവയ്ക്കുന്നത് സംഘത്തിന് പരിഗണിക്കാം.
- സ്വർണ്ണപ്പണയങ്ങളുടെ ലേല തുക നിശ്ചയിക്കുമ്പോൾ ലേല തീയതിക്ക് മുൻപുള്ള 30 ദിവസത്തെ ശരാശരി മാർക്കറ്റ് വിലയുടെ 85% -ൽ കുറയാൻ പാടുള്ളതല്ല.
- ഈ വായ്പക്കാരൻ ബാക്കിതുക നിശ്ചിത തീയതിയിൽ നൽകുന്നില്ലെങ്കിൽ വീണ്ടും രജിസ്റ്റേർഡ് നോട്ടീസ് നൽകി സംഘത്തിന് നടപടികൾ സ്വീകരിക്കാം. ഈ ആനുകൂല്ല്യത്തിൽ ഒരു പ്രാവശ്യം മാത്രമേ ലേലം മാറ്റിവയ്ക്കാൻ പാടുള്ളൂ.
- ലേലത്തിൽ പങ്കെടുക്കാൻ കുറഞ്ഞത് 3 പേരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. 3 പേരിൽ കുറഞ്ഞാലും വില കുറഞ്ഞാലും ലേലം മാറ്റി വയ്ക്കണം. പരമാവധി 2 തവണ വരെ മാത്രമേ ഇങ്ങനെ ലേലം മാറ്റി വയ്ക്കാൻ പാടുള്ളൂ. മൂന്നാമത് തവണയും ഇതേ സാഹചര്യം ആവർത്തിക്കുകയാണെങ്കിൽ സംഘത്തിന് ലേലം നടത്താം.
Post Your Comments