രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന 2023-24 സാമ്പത്തിക വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സാധ്യത കണക്കിലെടുത്ത് കൂടുതൽ ജനപ്രിയ പദ്ധതികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റെന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിന് ഉണ്ട്. മധ്യ വർഗ്ഗത്തിന് കൂടുതൽ മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് ധനമന്ത്രി ഇതിനോടകം തന്നെ സൂചനകൾ നൽകിയിരുന്നു. സാധാരണക്കാർക്ക് ആശ്വാസമാകുന്ന ഭവന വായ്പ, പലിശ ഇളവുകൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകിയുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സമ്പൂർണ ബജറ്റായതിനാൽ രാജ്യത്തെ കർഷകർക്കായി എന്തൊക്കെ ഉൾപ്പെടുത്തുമെന്ന ആകാംക്ഷയും ജനങ്ങൾക്കുണ്ട്. ഇതിനിടെ ബജറ്റ് ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്രദമായെന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ബിജെപി സമിതിയെ രൂപീകരിച്ചിട്ടുണ്ട് . ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽ കുമാർ മോദിയുടെ നേതൃത്വത്തിൽ 9 അംഗ സമിതിയെയാണ് രൂപീകരിച്ചത്. ഫെബ്രുവരി 12 വരെയാണ് വിവരശേഖരണം നടത്തുക. അതേസമയം, അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
Post Your Comments