മുംബൈ: ഹിന്‍ഡന്‍ബെര്‍ഗിന്റെ വെല്ലുവിളിയെ അതിജീവിച്ച് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കി. അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നായ അദാനി ഗ്രീനിന്റെ വിവിധ പദ്ധതികള്‍ക്കായി പണം ചെലവഴിക്കാനും വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എക്സ്പ്രസ് വേകള്‍ നിര്‍മ്മിക്കാനുമാണ് എഫ്പിഒ അവതരിപ്പിച്ചത്. അതിനിടെ ഓഹരി വിപണിയില്‍ ഹിന്റന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ച് കയറുന്നതിന്റെ സൂചനകളും ഇന്ന് പുറത്ത് വന്നു.
ആദ്യദിനം പ്രതികരണം മോശമായിരുന്നുവെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ചൊവ്വാഴ്ച ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായത് ഗ്രൂപ്പിന് ആശ്വാസമായി മാറുകയായിരുന്നു. മുഴുവന്‍ ഓഹരികളും വിറ്റുപോയി. 20000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതോടെ ഓഹരികള്‍ക്ക് പൂര്‍ണമായും അപേക്ഷകരായി. 4.55 കോടി ഓഹരികളാണ് എഫ്.പി.ഒയില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെതന്നെ സബ്സ്‌ക്രൈബ് ചെയ്തിരുന്നു.
യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍(ക്യുഐബി)ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. അബുദാബിയിലെ ഐഎച്ച്‌സി 40 കോടി ഡോളര്‍ കൂടി ഈ വിഭാഗത്തില്‍ നിക്ഷേപിച്ചു. ഇതോടെ ഈ വിഭാഗത്തില്‍ 3.26 ശതമാനം അപേക്ഷകളെത്തി. ജീവനക്കാര്‍ക്കുള്ള വിഹിതത്തില്‍ അപേക്ഷകള്‍ 52ശതമാനത്തിലൊതുങ്ങി.
അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണത്തെതുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടംനേരിട്ടിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒയെയും അത് പ്രതിസന്ധിയിലാക്കി. ആദ്യദിനം പിന്നിട്ടപ്പോള്‍ ഒരു ശതമാനം മാത്രമായിരുന്നു സബ്സ്‌ക്രൈബ് ചെയ്തത്. രണ്ടാം ദിവസം മൂന്നു ശതമാനമായി.
അബുദാബി ഇന്റെര്‍ണാഷണല്‍ ഹോള്‍ഡിങ്‌സ് കമ്പനി 3200 കോടിയോളം രൂപ അദാനി എന്റെര്‍പ്രൈസസില്‍ നിക്ഷേപിക്കുമെന്ന് ഇന്ന് നടത്തിയ പ്രഖ്യാപനം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം കൂട്ടിയെന്ന് ഓഹരിവിപണിയിലെ നേരിയ മുന്നേറ്റത്തില്‍ നിന്നും വ്യക്തമായിരുന്നു. ഗൗതം അദാനിയുടെ പത്തില്‍ അഞ്ച് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഓഹരികള്‍ തകര്‍ന്നടിഞ്ഞ മൂന്ന് ദിവസത്തിനപ്പുറം ഇന്നലെ വരെ വന്‍ തകര്‍ച്ച നേരിട്ട അദാനി ട്രാന്‍സ്മിഷന്‍ കൂടി ഇന്ന് ലാഭത്തില്‍ മുന്നോട്ട് പോവുകയാണ്.
Post Your Comments