Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയേയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും: ഉണ്ണി മുകുന്ദന്‍

പാലക്കാട്: യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയേയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കുമെന്ന് നടന്‍ പറഞ്ഞു. കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലാണ് ഉണ്ണിമുകുന്ദന്‍ നിലപാട് ആവര്‍ത്തിച്ചത്. ഇതിന്റെ പേരില്‍ സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തില്‍ ഒന്നും നേടാനില്ല എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രതികരണത്തില്‍ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദന്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

Read Also: ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് അപകടം : സ്ത്രീക്ക് പരിക്ക്

‘ഞാന്‍ പല കോളേജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാന്‍ പഠിച്ച സ്‌കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. അവിടെനിന്നും ഇവിടെ വരെ എത്താന്‍ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തില്‍ ഒരു സ്റ്റേജില്‍ വിളിച്ചുവരുത്തി കണ്ണുനനയിച്ചിട്ടില്ല ആരും. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ, നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിച്ചു’.

‘വര്‍ഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വര്‍ഷം ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങള്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്ന് എനിക്കറിയില്ല’.

‘കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വച്ച് നോക്കിയാല്‍ ഒരിക്കലും പെരുമാറാന്‍ പറ്റാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂര്‍ണമായ എന്റെ വിശ്വാസം’.

‘എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരില്‍ സിനിമാ ജീവിതം പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടോ കാര്യമില്ല. ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങള്‍ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍ ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ യൂട്യൂബില്‍പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങള്‍ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാല്‍, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല’.

‘നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനുശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപത് ദിവസം അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. പൈസ മുടക്കി സിനിമ കാണുന്ന ആള്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ പൂര്‍ണ അവകാശമുണ്ട്. അതിനെ ഞാന്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു,’-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button