Latest NewsKeralaNews

സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്: എം ബി രാജേഷ്

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഈ പ്രതിസന്ധിക്കു മുന്നിൽ നിസംഗരോ നിഷ്‌ക്രിയരോ വിധേയരോ ആയി മുഖ്യപങ്കു മാധ്യമങ്ങളും മാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി നേരിടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിക്കു മുന്നിൽ നിശബ്ദരായി നിൽക്കുകയും അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണു മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമങ്ങളിൽ പലതും അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള മാറ്റമാണിത്. ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

ലോക പ്രസ് ഫ്രീഡം ഇൻഡെക്‌സിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം അപകടകരമായ സാഹചര്യത്തിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും മാധ്യമങ്ങളിൽ ചർച്ചയാകുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യങ്ങളോടു മുഖംതിരിച്ചു നിൽക്കുന്നു. ദേശീയ പ്രശ്‌നങ്ങളിൽ നിന്നു സുരക്ഷിതമായ അകലം പാലിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. പ്രശ്‌നങ്ങളെ ലളിതവത്കരിച്ച്, ആഴത്തിലേക്കു പോകാതെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവന്തപുരം വിവാന്റയിലെ ഏതൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. ’21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ മുഖ്യ പ്രഭാഷണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button