റിയാദ്: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. മാനവശേഷി സാമൂഹിക, വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിതല സമിതി ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയെന്ന് മന്ത്രാലയ വക്താവ് സാദ് അൽ ഹമ്മാദ് അറിയിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ആനുകൂല്യം ഉറപ്പാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലമുള്ള നഷ്ടം ഇൻഷുറൻസ് പരിരക്ഷയിലൂടെ തൊഴിലുടമയ്ക്കു ലഭിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും പുതിയ തീരുമാനം സഹായകമാകും.
പുതിയ തീരുമാനത്തിലൂടെ ഇരു കക്ഷികളുടെയും താൽപര്യവും സംരക്ഷിക്കപ്പെടും. ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ ഔദ്യോഗിക മുസാനെദുമായാണ് സമീപിക്കേണ്ടത്. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് 15,000 റിയാലിൽ കവിയാൻ പാടില്ലെന്നും റിക്രൂട്ട്മെന്റിൽ കൃത്രിമം കാണിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments