കൊടുങ്ങല്ലൂർ: നടൻ ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ സൂചകമായി നൽകുന്ന പ്രഥമ പുരസ്കാരമാണിത്. സുരേഷ് ഐരൂർ അധ്യക്ഷത വഹിച്ചു. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദന് പുരസ്കാരം.
നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം, മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ മാത്രം 104 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെൺകുട്ടി തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.
Post Your Comments