
തിരുവനന്തപുരം: പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതി വിവാഹം കഴിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പ്രതിയായ അൽ അമീർ, വിവാഹത്തിന് ഒത്താശ ചെയ്ത ഉസ്താദ് അൻവർ സാദത്ത്, പെൺകുട്ടിയുടെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും കണ്ടെത്തി അവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി,
ഈ മാസം 18ന് നെടുമങ്ങാടായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽവച്ച് അധികമാരും അറിയാതെ ബന്ധുക്കൾ മാത്രം ചേർന്നാണു രഹസ്യവിവാഹം നടത്തിയത്. പെൺകുട്ടി സ്കൂളിൽ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞുവെന്നും പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും അറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.
2021ൽ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പോക്സോ കേസിൽ അറസ്റ്റിലായ യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഈ കേസിൽ ഇയാൾ നാലു മാസം ജയിലിൽ കഴിഞ്ഞു. ജയിലിൽനിന്ന് ഇറങ്ങിയ ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും അതുവഴി തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു. തുടർന്ന് പിതാവ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താനും അവർക്കെതിരെ കേസെടുക്കാനുമാണ് പൊലീസ് തീരുമാനം.
Post Your Comments