KeralaLatest News

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ഫേസ്‌ബുക്ക് സുഹൃത്ത് എത്തിയത് വനമേഖലയായ പാലോട്, പെൺകുട്ടി ഇരയായത് കൂട്ട ബലാത്സംഗത്തിന്

കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും കൊടും ക്രിമിനലുകൾ. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തീരുവനന്തപുരത്ത് പാലോട് വനമേഖലയിൽ എത്തിച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സമൂഹ മാധ്യമത്തിലുടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതിയായ ജസീർ പാലോട് എത്തിച്ചതും കൂട്ടുകാരുമൊത്ത് പീഡനത്തിന് വിധേയയാക്കിയതും.

കൊല്ലം കുണ്ടറ സ്വദേശിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതിയായ ജസീർ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ചാറ്റ് ചെയ്യുന്നതിനിടയിൽ ജസീർ പെൺകുട്ടിയോട് നേരിൽ കാണാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതും പേഴ്സണലായി അയച്ചു തന്നിരുന്ന ഫോട്ടോകളിലൂടെയും മാത്രമാണ് തമ്മിൽ കണ്ടിട്ടുള്ളതെന്നും നേരിട്ടു കണ്ടാൽ കൊള്ളാമായിരുന്നു എന്നും പെൺകുട്ടിയെ ജസീർ അറിയിച്ചു. തുടർന്നാണ് ഇരുവരും തമ്മിൽ കുണ്ടറയിൽ വച്ച് കാണാൻ തീരുമാനിച്ചത്.

പെൺകുട്ടിയെ കാണാനെത്തിയ ജസീറിൻ്റെ കൂടെ കാറിൽ സുഹൃത്തുക്കളായ നൗഫലും നിയാസുമുണ്ടായിരുന്നു. നേരിട്ടു കണ്ട് പെൺകുട്ടിയോട് സംസാരിച്ച ജസീർ ഒന്ന് കറങ്ങാൻ പോകാമെന്ന് പെൺകുട്ടിയോട് ചോദിച്ചു. ആദ്യം സമ്മതിക്കാതിരുന്ന പെൺകുട്ടി ജസീറിൻ്റെ നിരന്തരമുള്ള നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാലോട് വനമേഖലയിലേക്കാണ് ജസീറും കൂട്ടരും പെൺകുട്ടിയുമായി എത്തിയത്. അവിടെവച്ച് ജസീർ ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അതിനു പിന്നാലെ മറ്റു രണ്ടു പേരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി കടുത്ത മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. പ്ലസ് വണ്ണിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ ജസീർ കൊടും ക്രിമിനലാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തെ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ജസീർ. അതേസമയം പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മുമ്പ് പാലോടുള്ള വീട്ടിൽ പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിലും അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button