തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വന്നു ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമർശിച്ചിട്ടില്ല.
കേന്ദ്രത്തെ വിമർശിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവഗണിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടായി അതൊന്നും ഇത്തവണ പറഞ്ഞിട്ടില്ല. കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന കേരള ഗവൺമെന്റ് ഇത്തവണ ആ നിലയിലേക്ക് പോയിട്ടില്ല. കേരളത്തിലെ ഒരു കാര്യവും നേരെ നടന്നു പോകുന്നില്ല, ഗവർണറുടെ നയപ്രഖ്യാപനത്തിൽ അത് വ്യക്തമെന്നും പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
അതേസമയം, ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപനമാണ് ഇതെന്നും കേന്ദ്ര വിമർശനം ഒത്തുതീർപ്പിൻ്റെ ഭാഗമായി ഒളിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം, അത് മറച്ച് വെച്ച് ഗവർണറെ കൊണ്ട് പ്രസംഗം നടത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മോശം പൊലീസായി കേരള പൊലീസ് മാറിയെന്നും കുറ്റപ്പെടുത്തി. പൊലീസിന് ഗുണ്ടാ ബന്ധമുണ്ടെന്നും പൊലീസിൽ പോലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് പോലും സെക്രട്ടറിയേറ്റിൽ പ്രവേശനം ഇല്ലാത്തപ്പോഴാണ് മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് നടന്നത്. ചരിത്രത്തിൽ ഒരു ഗവർണർ സർക്കാരിന് വേണ്ടി നടത്തുന്ന ഏറ്റവും മോശം നയപ്രഖ്യാപനമാണിതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Post Your Comments