തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളുടെ പേരിൽ നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പിഎംഎ സലാം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലാത്തവരും ദീർഘകാലം നാട്ടിൽ ഇല്ലാത്ത പ്രവാസികളും ജപ്തി നടപടി നേരിടുകയാണ്. ഇത് തെറ്റിപ്പോയതാണെന്ന് തങ്ങൾ വിചാരിക്കുന്നില്ല. നിരോധിത സംഘടനയുമായി കേരള സർക്കാരിനുള്ള ബന്ധമാണ് ഇവിടെ വ്യക്തമാകുന്നത്. നീചവും വ്യക്തവുമായ ഈ അനീതിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: സംശയമുള്ള പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിൽ അറിയിക്കണം: ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം
എവിടുന്നാണ് ഇവർക്ക് ലിസ്റ്റ് കിട്ടിയതെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ വെളിപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. നിയമസഭയിൽ മുസ്ലിംലീഗ് ഇക്കാര്യം അവതരിപ്പിക്കും. കള്ളക്കേസിൽ കുടുക്കി മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ തീരുമാനിച്ചാൽ നോക്കി നിൽക്കില്ല. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ കള്ളക്കളിക്കെതിരെ പ്രതികരിക്കണം. അപരാധികൾ ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ ഗൂഢാലോചന നടത്തി നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു.
Post Your Comments