കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. മാങ്ങാനം ഒളവാപ്പറമ്പിൽ നിബിൻ -ശാലു ദമ്പതികളുടെ രണ്ടാമത്തെ മകൾ നൈസാമോളാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30നു ആണ് സംഭവം. മാങ്ങാനം ലക്ഷം കോളനിയിലെ പഞ്ചായത്ത് കിണറ്റിന് സമീപത്താണ് അപകടം നടന്നത്. വീടിനു സമീപത്തുള്ള കുട്ടികളുമായി കളിക്കുകയായിരുന്നു.
Read Also : ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം
പത്ത് മാസമായ ഇളയകുഞ്ഞിനു പാലുകൊടുക്കുന്നതിനായി അമ്മ വീടിനുള്ളിലേക്കു പോയപ്പോഴാണ് സംഭവം. ഉയരം കുറഞ്ഞ സംരക്ഷണഭിത്തിയുള്ള കിണറിന്റെ സമീപത്തായി പാറപ്പൊടി കൂട്ടിയിട്ടനിലയിലായിരുന്നു. മണൽക്കൂനയിൽ കയറി കുട്ടി കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കിണറിനുള്ളിൽ വീണ് കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് കുട്ടിയെ കിണറ്റിൽ നിന്നെടുത്ത് മാങ്ങാനം മന്ദിരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: നിഷാൻ, നിഷിദ.
Post Your Comments