കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും,വസ്തുക്കളും കണ്ടു കെട്ടി.കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത്.ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി കണ്ടുകെട്ടാന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
Read Also: 17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും
മുന്‍കൂര്‍ നോട്ടീസ് ഒന്നും കൂടാതെ, നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദ്ദേശം. ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്, ലേലം നടത്തുക. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് ലാന്റ് റവന്യു കമ്മീഷണര്‍ ടി.വി അനുപമയുടെ ഉത്തരവ്. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.
ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തതെന്ന് കൃത്യമായ വിവരം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമര്‍ശനത്തിന് കാരണമായത്. നടപടികള്‍ വൈകിയതിന് ആഭ്യന്തരസെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധിക മാപ്പപേക്ഷിച്ചിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5.2 കോടിയുടെ നഷ്ടപരിഹാരം ഈടാക്കാനും അല്ലാത്ത പക്ഷം നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമായിരുന്നു സപ്തംബര്‍ 29ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നല്‍കിയത്.
Post Your Comments