തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്താദ്യമായിട്ടാണ് സര്‍വകലാശാല-കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. ആര്‍ത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളില്‍ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആര്‍ത്തവ ദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഹാജര്‍ പരിധിയില്‍ രണ്ടു ശതമാനത്തിന്റെ ഇളവുനല്‍കാനാണ് തീരുമാനം’.
‘രാജ്യത്താദ്യമായിട്ടാണ് സര്‍വകലാശാല-കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതോടൊപ്പം തീരുമാനമെടുത്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണ് ഈ തീരുമാനം’.
Post Your Comments