കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും നമ്മുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ അഗ്രി- ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ജനുവരി 22 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കൊച്ചിന്‍ ഫ്ളവര്‍ ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിനുശേഷം സംഘടിപ്പിക്കുന്നത് എന്ന നിലയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് കൊച്ചിന്‍ ഫ്ളവര്‍ ഷോ. ടൂറിസവുമായി ഫ്ളവര്‍ ഷോയെ ബന്ധിപ്പിച്ച് കൂടുതല്‍ വിജയകരമാക്കുവാന്‍ കഴിയണം. മികച്ച രീതിയില്‍ വ്യത്യസ്തമായാണ് ഇത്തവണത്തെ ഫ്ളവര്‍ ഷോ ഒരുക്കിയിരിക്കുന്നത്. മനസിന് കുളിര്‍മ നല്‍കുന്നതാണ് ഇവിടത്തെ അന്തരീക്ഷം. ഒരാഴ്ച്ച കൊച്ചി നഗരത്തിനു വലിയ വിരുന്നായി ഫ്ളവര്‍ ഷോ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു. കൊച്ചി നഗരത്തിന്റെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് അഗ്രി- ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
ടിജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍, എറണാകുളം ജില്ലാ അഗ്രി- ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് അഡ്വ കെഐ അബ്ദുള്‍ റഷീദ്, ജില്ലാ അഗ്രി- ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ടിഎന്‍ സുരേഷ് തുടങ്ങിയര്‍ സംസാരിച്ചു.
Post Your Comments