KeralaLatest News

വ്യാജ ആധാരവും പട്ടയവും നിർമ്മിച്ച് ഉടമ അറിയാതെ ഭൂമി വിറ്റു: സിപിഎം കൗൺസിലർ ഷാനവാസിനെതിരെ ഭൂമി തട്ടിപ്പ് കേസും

ആലപ്പുഴ: സി പി എമ്മിന് ഏറെ നാണക്കേട് ഉണ്ടാക്കിയ ലഹരി കടത്ത് കേസില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍ ഷാനവാസ് ഭൂമി തട്ടിപ്പ് കേസിലും പ്രതിയാണെന്ന രേഖകളാണ് പുറത്ത് വരുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ സനാതനം വാര്‍ഡില്‍ വി ബി ഗോപിനാഥന്‍ എന്നയാള്‍ തനിക്ക് അവകാശപ്പെട്ട ചാത്തനാട്ടെ 16 സെന്റ് ഭൂമി വ്യാജ പട്ടയവും, വ്യാജ ആധാരവും നിര്‍മ്മിച്ച്, തണ്ടപ്പേര് തിരുത്തി അനില്‍കുമാര്‍, തങ്കമണി, ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് 70,41,500 രൂപയ്ക്ക് വിറ്റു എന്നതാണ് കേസ്.

നോര്‍ത്ത് പൊലിസ് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ നല്‍കിയ കുറ്റപത്രത്തില്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയത് ഷാനവാസ് ആണെന്ന് വ്യക്തമാക്കുന്നു. കരുനാഗപ്പള്ളി ലഹരി കടത്ത് കേസില്‍ ഷാനവാസ് ഹാജരാക്കിയ വാടക കരാറിന്റെ രേഖകളില്‍ നിരവധി പൊരുത്തക്കേടുകള്‍ നിലനില്‍ക്കുകയും, വ്യാജമാണെന്ന് വ്യാപക ആക്ഷേപം ഉയരുകയും ചെയ്യുന്നതിനിടയിലാണ് സര്‍ക്കാര്‍ ഓഫീസുകളിലടക്കം തിരുമറി നടന്ന തട്ടിപ്പ് പുറത്തു വരുന്നത്.

മുല്ലയ്ക്കല്‍ വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഷാനവാസ് 9943 എന്ന തണ്ടപ്പേര്‍ നമ്പരിന്റെ പേപ്പറിന് മുകളില്‍ മറ്റൊരു പേപ്പര്‍ ഒട്ടിച്ച് ചേര്‍ത്തായിരുന്നു തിരിമറി. പുതിയ തണ്ടപ്പേര്‍ നിര്‍മ്മിച്ച വസ്തു റീസര്‍വേയ്ക്ക് ശേഷമുള്ള അപാകത തീര്‍ക്കാനെന്ന പേരില്‍ അപേക്ഷ നല്‍കി പുതിയ തണ്ടപ്പേര്‍ നമ്പറില്‍കരം തീര്‍ത്ത് ഷാനവാസും കൂട്ടാളികളും മറ്റ് അവകാശികളറിയാതെ വില്‍ക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കേസില്‍ മൂന്നാം പ്രതിയാണ് ഷാനവാസ്. ഗുരുതര തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കുറ്റപത്രം നല്‍കിയിട്ടും ഒരു വിശദീകരണം പോലും ചോദിക്കാതെ ആലപ്പുഴയിലെ സിപിഎം ഷാനവാസിനെ സംരക്ഷിക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button