ഡൽഹി: രാജ്യത്ത് വ്യോമസേനയുടെ നേതൃത്വത്തിലുളള റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ തുടരുന്ന സാഹചര്യത്തിൽ ചില റൂട്ടുകളിലെ വിമാന സർവീസുകൾ റദ്ദ് ചെയ്ത് എയർ ഇന്ത്യ. ഡൽഹി എയർപോർട്ട് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, ജനുവരി 19 മുതൽ 24 വരെയും, റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10: 30 മുതൽ ഉച്ചയ്ക്ക് 12: 45 വരെയും ഡൽഹിയിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദ് ചെയ്യുന്നത്. അതേസമയം, നിശ്ചിത സമയപരിധിക്ക് മുമ്പോ ശേഷമോ നടത്തുന്ന സർവീസുകൾക്ക് മാറ്റമുണ്ടാകില്ല.
രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ എല്ലാ ദിവസവും മൂന്ന് മണിക്കൂറോളം വ്യോമാതിർത്തി പരിമിതപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ തടസങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്നത്. ചില വിമാന സർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്. പ്രധാനമായും അന്താരാഷ്ട്ര സർവീസുകളാണ് പുനക്രമീകരിക്കുന്നത്.
എല്‍എച്ച്ആര്‍ (ലണ്ടന്‍), ഐഎഡി (ഡള്ളസ്), ഇഡബ്ല്യുആര്‍ (നെവാര്‍ക്ക്), കെടിഎം (കാഠ്മണ്ഡു), ബികെകെ (ബാങ്കോക്ക്) എന്നീ അഞ്ചിടങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര, ദൂര, ഹ്രസ്വ ദൂര അന്താരാഷ്ട്ര സർവീസുകളുടെ സമയമാണ് പുനക്രമീകരിക്കാൻ സാധ്യത. അന്താരാഷ്ട്ര വിമാനങ്ങൾ ഒരു മണിക്കൂർ വൈകിയോ, മുൻകൂറായോ ആണ് പുനക്രമീകരിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര സർവീസുകൾ റദ്ദ് ചെയ്യില്ലെന്ന് എയർ ഇന്ത്യ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
Post Your Comments