മലയാളികൾക്ക് സുപരിചിതയാണ് വീണ നായർ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം. ഇപ്പോഴിതാ ഒരു സിനിമയില്‍ നിന്നും തനിക്ക് അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് വീണ മനസ് തുറക്കുകയാണ്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആഗ്രഹിച്ച് പ്രതീക്ഷിച്ചിരുന്ന ശേഷം നഷ്ടമായ സിനിമകളുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും, അതൊരു ടൊവിനോ തോമസ് ചിത്രമാണെന്നും വീണ പറയുന്നു.
‘അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ട്. ടൊവിനോ പടമാണ്. പതിനഞ്ച് ദിവസത്തെ ഡേറ്റാണ്. ഞാന്‍ പതിനഞ്ച് ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തു. ഇടയിലുള്ള ഉദ്ഘാടനങ്ങളൊന്നും എടുക്കാതെ ഇരിക്കുകയാണ്. പ്രതിഫലം ചോദിച്ചപ്പോള്‍ നിങ്ങളുടെ ബഡ്ജറ്റ് എന്താണ് എന്നാണ് ചോദിച്ചത്. കാരണം ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ പ്രതിഫലം പറയാന്‍ പറ്റില്ല. അതില്‍ ചേട്ടന്‍ നിങ്ങളുടെ ബഡ്ജറ്റ് പറ, കുഴപ്പമില്ല എന്ന് പറഞ്ഞു. എല്ലാം പറഞ്ഞ് സംസാരിച്ച് വച്ചതാണ്. ഇവര്‍ പറഞ്ഞ തീയ്യതിയായിട്ടും എനിക്ക് കോളൊന്നും വരുന്നില്ല. എന്റെ സുഹൃത്തുക്കളും അതിലുണ്ടായിരുന്നു. അവരൊക്കെ പോകാന്‍ റെഡിയാവുകയാണ്.
ഞാന്‍ ഫോണ്‍ വിളിച്ചിട്ട് നമ്മളുടെ ഡേറ്റ് എന്തായെന്ന് ചോദിച്ചപ്പോള്‍ തിരക്കഥാകൃത്തിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്നും അവര്‍ ആ കഥാപാത്രം ചെയ്താല്‍ മതിയെന്നാണ് പറയുന്നതെന്നും പറഞ്ഞു. ഓക്കെ, പക്ഷെ നിങ്ങള്‍ വിളിച്ച് പറയേണ്ടത് മര്യാദയായിരുന്നില്ലേ. ഞാന്‍ ആ ഡേറ്റൊക്കെ ബ്ലോക്ക് ചെയ്തിരിക്കുവല്ലേയെന്ന് ചോദിച്ചു. അതോടെ അയാള്‍ സോറി പറഞ്ഞു’, വീണ പറയുന്നു.
പിന്നീട് ആ സിനിമ റിലീസാവുകയും എട്ടു നിലയില്‍ പൊട്ടുകയും ചെയ്തുവെന്നാണ് വീണ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമായെന്നും വീണ തമാശരൂപേണ പറയുന്നുണ്ട്. പതിനഞ്ച് ദിവസം തന്റെ വര്‍ക്കുകള്‍ പോയിയെന്നാണ് താരം പറയുന്നത്. മറ്റൊരു സാഹചര്യത്തിൽ ആ ചിത്രത്തിന്റെ നിർമ്മാതാവിനെ നേരിട്ട് കാണുകയും, സംസാരിക്കുകയും ചെയ്തതിനെ കുറിച്ചും താരം പറയുന്നുണ്ട്.
‘പിന്നീട് അതിന്റെ നിര്‍മ്മാതാവിനേയും കുടുംബത്തേയും ഒരു ട്രീറ്റ്‌മെന്റിന് പോയപ്പോള്‍ കണ്ടു. ഞാൻ അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിച്ചു. നിങ്ങളുടെ ഒരു പ്രൊജക്ടില്‍ എന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞു. പക്ഷെ പിന്നീട് മാറിപ്പോയിയെന്നും പറഞ്ഞു. ഞാനുമത് ചോദിക്കാനിരിക്കുകയാണ്, വീണ ഭയങ്കര പ്രതിഫലം ചോദിച്ചുവെന്ന് കേട്ടല്ലോ എന്നാണ് നിര്‍മ്മാതാവ് എന്നോട് തിരിച്ചു ചോദിച്ചത്. പത്ത് ദിവസത്തെ ഷൂട്ടിന് വീണ അഞ്ച് ലക്ഷം ചോദിച്ചുവെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നോടിങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്നോട് അയാള്‍ പറഞ്ഞത് അങ്ങനെയായിരുന്നില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഇത്തരത്തില്‍ പല സംഭവങ്ങളും നമ്മളറിയാതെ പിന്നിലൂടെ നടക്കാറുണ്ട്’, വീണ പറയുന്നു.
Post Your Comments