തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തുന്നതാണ്.
മതാചാരങ്ങളെ ബില്ലിലെ വ്യവസ്ഥകൾ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധനകൾക്ക് ശേഷം ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നത്.അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാർശയിൽ ഉണ്ടായിരുന്നത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌താൽ ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കുന്നതല്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നൽകണം. ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 അനുസരിച്ചായിരിക്കും ശിക്ഷ നൽകുക.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ ഒരു വർഷം മുതൽ ഏഴു വർഷംവരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയുമായിരിക്കും ശിക്ഷ കിട്ടുക. തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ തന്നെ ലഭിക്കുന്നതാണ്. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവർക്കെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനും ആവശ്യമെങ്കിൽ രേഖകൾ പിടിച്ചെടുക്കാനും പൊലീസിനു ബില്ലിൽ അധികാരം നൽകുന്നുണ്ട്.
Post Your Comments