സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് ബ്രാൻഡുകളാണ് ആപ്പിളും സാംസംഗും. ഐഫോൺ നിർമാണത്തിന് അടക്കമുള്ള ഒട്ടനവധി ഉപകരണങ്ങൾ ആപ്പിളിന് സാംസംഗാണ് നിർമ്മിച്ചു നൽകുന്നത്. ഇവയിൽ ഏറ്റവും പ്രധാനം ഡിസ്പ്ലേ തന്നെയാണ്. നിലവിൽ, ടെക് ലോകത്ത് ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആപ്പിളിന്റെയും സാംസംഗിന്റെയും വേർപിരിയൽ. സാംസംഗ് നിർമ്മിച്ചു നൽകുന്ന ഡിസ്പ്ലേ പാനലുകൾ പൂർണമായും ഉപേക്ഷിച്ച ശേഷം, സ്വന്തം നിലയിൽ പാനലുകൾ നിർമ്മിക്കാനാണ് ആപ്പിളിന്റെ നീക്കം.
പ്രധാനമായും ആപ്പിൾ വാച്ചുകളിലാണ് പുതിയ പാനലുകൾ പരീക്ഷിക്കുക. അടുത്ത വർഷം മുതൽ പുറത്തിറക്കുന്ന ആപ്പിൾ വാച്ചുകളിൽ സ്വന്തം പാനൽ ഉപയോഗിക്കുമെന്ന് കമ്പനി ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2024- ൽ പുറത്തിറക്കുന്ന ആപ്പിൾ വാച്ച് അൾട്രയിലാണ് സ്വന്തം പാനൽ ഉൾപ്പെടുത്തുക. ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും വില കൂടിയ മോഡലായിരിക്കും ആപ്പിൾ വാച്ച് അൾട്രാ. 2018 മുതൽ സ്വന്തം നിലയിൽ പാനൽ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആപ്പിൾ ആരംഭിച്ചിരുന്നു.
Post Your Comments