Latest NewsNewsTechnology

അതിരുകൾ ലംഘിച്ച് എഡ് ടെക് പരസ്യങ്ങൾ, വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നതായി പരാതി

ജീവിതത്തിൽ ഉയർന്ന മാർക്ക് ലഭിക്കുക എന്നത് പ്രധാന ലക്ഷ്യമായിട്ടാണ് എഡ് ടെക് പരസ്യങ്ങൾ ചിത്രീകരിക്കുന്നത്

ഓരോ വ്യക്തികളുടെയും ജീവിതത്തിൽ പരസ്യങ്ങളുടെ സ്വാധീനം വളരെ വലുതാണ്. മുതിർന്നവരെക്കാളും കൂടുതൽ കുട്ടികളെയാണ് പരസ്യങ്ങൾ ആകർഷിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് എഡ് ടെക് പരസ്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരസ്യങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഡ്വൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI). പ്രമുഖ എഡ് ടെക് പരസ്യങ്ങൾ വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് ASCI കണ്ടെത്തിയിരിക്കുന്നത്.

ജീവിതത്തിൽ ഉയർന്ന മാർക്ക് ലഭിക്കുക എന്നത് പ്രധാന ലക്ഷ്യമായിട്ടാണ് എഡ് ടെക് പരസ്യങ്ങൾ ചിത്രീകരിക്കുന്നത്. ഇവയിൽ ഗണിത ശാസ്ത്രത്തിനും, മറ്റ് ശാസ്ത്ര വിഷയങ്ങൾക്കുമാണ് കൂടുതൽ മുൻതൂക്കം നൽകുന്നത്. ഇത് വിദ്യാർത്ഥികളിൽ മറ്റു വിഷയങ്ങളോടുള്ള താൽപ്പര്യക്കുറവ് ജനിപ്പിക്കുന്നു. ഇതോടൊപ്പം വിജയത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നതിനാൽ, തോൽവിയെക്കുറിച്ച് ചിന്തിക്കാനുളള അവസരം പോലും വിദ്യാർത്ഥികൾക്ക് നൽകുന്നില്ല. ഇത്തരം ആശയങ്ങൾ ഉളള പരസ്യങ്ങൾ വിദ്യാർത്ഥികളുടെ മാനസികനിലയെ പ്രതികൂലമായാണ് ബാധിക്കുന്നത്.

Also Read: നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു

ഏകദേശം നൂറിലധികം പത്ര, ഇലക്ട്രോണിക്, ഡിജിറ്റൽ പരസ്യങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കാണിച്ചശേഷം അവരുടെ പ്രതികരണത്തിൽ നിന്നാണ് ASCI എഡ് ടെക് പരസ്യങ്ങളെ കുറിച്ചുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതിനുപുറമേ, പരസ്യങ്ങളിൽ ലിംഗ വിവേചനം നടക്കുന്നതായും ASCI കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്ര വിഷയങ്ങളിൽ ഉന്നത വിജയം നേടുന്നത് എപ്പോഴും ആൺകുട്ടികൾ മാത്രമാണെന്ന തരത്തിലാണ് പരസ്യങ്ങളിൽ ആവിഷ്കരിക്കുന്നത്. വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഇത്തരം പരസ്യങ്ങൾക്കെതിരെ ASCI ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

shortlink

Post Your Comments


Back to top button