തിരുവനന്തപുരം: കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് എം.പി തുറന്നടിച്ചു.
സംസ്ഥാന സർക്കാർ നടത്തിയ പരിപാടി ആര് അന്വേഷിക്കണമെന്നാണ് പറയുന്നത്. ഇത് പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ അന്വേഷിക്കണം എന്നാണോ പറയുന്നതെന്നും കെ. മുരളീധരൻ ചോദിച്ചു. ഒരു മതവിഭാഗത്തെ ഭീകരർ ആയി ചിത്രീകരിച്ചത് അന്വേഷിക്കുക തന്നെ വേണം. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ അല്ല ഈ സംഭവമുണ്ടായത്. കേരള സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. അപ്പോൾ അതിന്റെ ഉത്തരവാദിത്വവും സർക്കാരിന് തന്നെയാണെന്നും മുരളീധരൻ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
അതേസമയം, കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രംഗത്തെത്തി. പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് വ്യക്തമാക്കി. 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും കനകദാസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments