കോഴിക്കോട്: സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. മുസ്‌ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് എൽ.ഡി.എഫ് സർക്കാർ നിലപാടിന് വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. ദൃശ്യാവിഷ്ക്കാരം വിമർശനത്തിനിടയാക്കിയത് സി.പി.എം ഗൗരവത്തോടെ കാണുന്നുവെന്ന് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ.ഡി.എഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന വേദിയായ ക്യാപ്റ്റന്‍ വിക്രം മൈതാനിയിലാണ് നൃത്ത ശില്‍പം അരങ്ങേറിയത്.പി.കെ ഗോപി രചിച്ച് കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഡോ രചന നൃത്ത സംവിധാനം നിര്‍വഹിച്ച സ്വാഗത ഗാനത്തിന് മലയാളം തിയേറ്ററിക്കല്‍ ആന്‍ഡ് ഹെറിറ്റേജ് ആര്‍ട്സ് മാതാ പേരാമ്പ്രയാണ് ദൃശ്യാവിഷ്കാരം നല്‍കിയത്.
Post Your Comments