ശരീരത്തിന്റെ പ്രധാന ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും, ഉപാപചയ പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രത്യേക പങ്കുതന്നെയുണ്ട്. എന്നാൽ, തൈറോയ്ഡ് ഹോർമോൺ കൂടുതലായാലും കുറഞ്ഞാലും ശരീരത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് ഹോർമോണിന്റെ ഉൽപ്പാദനം കൂടുന്ന അവസ്ഥയെ ഹൈപ്പർ തൈറോയ്ഡിസമെന്നും, ഉൽപ്പാദനം കുറയുന്ന അവസ്ഥയെ ഹൈപ്പോ തൈറോയിഡിസമെന്നും അറിയപ്പെടുന്നു. തൈറോയ്ഡ് രോഗങ്ങൾ ബാധിക്കുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ ആദ്യം പ്രകടമാകുന്നത് കഴുത്തിലാണ്. കഴുത്തിൽ നീർക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനയാണ്. ഇത്തരത്തിൽ മുഴകൾ രൂപപ്പെടുകയാണെങ്കിൽ ഡോക്ടറെ ഉടൻ തന്നെ സമീപിക്കേണ്ടതാണ്.
നിരന്തരം ഉണ്ടാകുന്ന ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണങ്ങളായി കണക്കാക്കാറുണ്ട്. സാധാരണയായി തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും, കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടാറുണ്ട്.
ശരീരത്തിന് ഉണ്ടാകുന്ന ഭാരവ്യതിയാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവ തൈറോയ്ഡിന്റെ ലക്ഷണമാകാം. തൈറോയ്ഡ് ഹോർമോൺ വർദ്ധിക്കുമ്പോൾ ശരീരഭാരം കുറയുകയും, ഹോർമോൺ കുറഞ്ഞ അളവിൽ ഉൽപ്പാദിപ്പിക്കുമ്പോൾ ശരീരഭാരം കൂടുകയും ചെയ്യും.
Post Your Comments