റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
നോർത്തേൺ ബോർഡർ പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്, ഹൈൽ, അൽ ഖാസിം, റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മക്ക, മദീന മുതലായ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഒരാഴ്ചയിലധികമായി സൗദിയിൽ മക്കയടക്കമുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്.
മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴ ശക്തമായതോടെ അന്തരീക്ഷോഷ്മാവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. മക്കയിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് ഹറമിലെ നിർമാണ ജോലികൾ നിർത്തിവെച്ചിരുന്നു. മഴ തീരുന്നതു വരെ പണി നിർത്തിവെക്കാനാണ് തീരുമാനം. ഇരുഹറം കാര്യാലയം സുരക്ഷാകാര്യ അണ്ടർ സെക്രട്ടറി ഫാഇസ് അൽഹാരിസിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments