കണ്ണൂർ: ഇത്തവണത്തെ സ്കൂൾ കലോത്സവം വിവാദങ്ങളോടെയായിരുന്നു തുടങ്ങിയത്. കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരി ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു ചിലർക്ക് പ്രശ്നം. പഴയിടത്തിന്റെത് വെജിറ്റേറിയൻ പ്രോത്സാഹിപ്പിക്കുന്ന വരേണ്യ അജണ്ടയാണ് എന്ന് മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ ചൂണ്ടിക്കാണിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ, പഴയിടത്തിന്റെ പാചകം നവോത്ഥാനത്തിന്റെ അടയാളമായിറ്റായിരുന്നു അശോകൻ ചെരുവിൽ വിലയിരുത്തിയത്. വിവാദങ്ങൾക്ക് പിന്നാലെ ഇപ്പോൾ ‘താൻ ഇനിമുതൽ കലോത്സവങ്ങളിൽ പാചകം ചെയ്യുന്നില്ലെന്ന്’ വ്യക്തമാക്കി പഴയിടവും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിവാദമാക്കിയവർക്കും പ്രശ്നങ്ങൾ വഷളാക്കിയവർക്കും മറുപടിയുമായി അശോകൻ ചെരുവിൽ രംഗത്ത്.
കർഷകത്തൊഴിലാളിയുടെ മകൻ മുഖ്യമന്ത്രിയാകുന്നതു പോലെ ബ്രാഹ്മണ പുരോഹിതൻ്റെ മകൻ പാചകക്കാരനാകുന്നതും കേരളത്തിൽ നടന്ന നവോത്ഥാനത്തിൻ്റെ സദ്ഫലമാണെന്ന് താൻ കരുതുന്നുവെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും വിശിഷ്ടമായ പാചകകല സമർത്ഥമായി ചെയ്തു കൊണ്ടിരിക്കുന്ന പഴയിടം നമ്പൂതിരി കേരളത്തിൻ്റെ അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അശോകൻ ചെരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇക്കഴിഞ്ഞ സ്കൂൾ യുവജനോത്സവത്തിൽ സസ്യാഹാരം വേണോ മാംസാഹാരം വേണോ എന്നതുമായി ബന്ധപ്പെട്ട ഒരു സംവാദം / വിവാദം നടന്നുവല്ലോ. അതുമായി എൻ്റെ ഒരു ഫേസ് ബുക്ക് പോസ്റ്റിനെ ചിലർ ബന്ധപ്പെടുത്തുകയുണ്ടായി. ദുരുദ്ദേശപരമായിരുന്നു അത്. വാസ്തവത്തിൽ ഏതു ഭക്ഷണം/ ആരു പാകം ചെയ്യണം എന്ന വിഷയത്തിൽ ഞാൻ കക്ഷിയായിരുന്നില്ല. എൻ്റെ പോസ്റ്റിൽ അതു സംബന്ധിച്ച ഒരു സൂചനയും ഉണ്ടായിരുന്നില്ല. (പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് ചുവടെ ചേർക്കുന്നു.)
ജാതിവ്യവസ്ഥ തങ്ങൾക്കു വിധിച്ച തൊഴിലുകളിൽ നിന്ന് മനുഷ്യൻ പുറത്തു കടക്കുന്നതിനെ അഭിനന്ദിക്കാനാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഞാൻ ശ്രമിച്ചത്. കർഷകത്തൊഴിലാളിയുടെ മകൻ മുഖ്യമന്ത്രിയാകുന്നതു പോലെ ബ്രാഹ്മണ പുരോഹിതൻ്റെ മകൻ പാചകക്കാരനാകുന്നതും കേരളത്തിൽ നടന്ന നവോത്ഥാനത്തിൻ്റെ സദ്ഫലമാണെന്ന് ഞാൻ കരുതുന്നു. ഇതിനെ ഖണ്ഡിക്കാനായി പാചകവിദ്യ ബ്രാഹ്മണൻ്റെ കുലത്തൊഴിലാണെന്നു വരെ സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നതു കണ്ടു. തമിഴ് ബ്രാഹ്മണർക്ക് ഒരു ചരിത്ര ഘട്ടത്തിൽ പാചക ജോലി ചെയ്യേണ്ടി വന്നു എന്നത് ശരിയാണ്. (കേരളത്തിലെ ജന്മി നായർ വീടുകളിൽ പോലും കുട്ടിപ്പട്ടർ ഉണ്ടായിരുന്നു.) എന്നാൽ നമ്പൂതിരിമാർ മേലനങ്ങുന്ന ജോലികളൊന്നും ചെയ്യാറില്ല. അത്രയും ഗതികെട്ടാൽ മാത്രമേ ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്ക് പോലും അവർ പോയിരുന്നുള്ളു.
സമ്പത്തു നഷ്ടപ്പെട്ട് അവശരായ കാലങ്ങളിൽ പോലും അവരുടെ ഇല്ലങ്ങളിൽ പാചക ജോലിക്കാർ ഉണ്ടായിരുന്നു. ഇല്ലങ്ങളിൽ ചെന്ന് അടിച്ചു തുടച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഒരു പുണ്യപ്രവർത്തി ആയിട്ടാണ് അമ്പലവാസികളും നായർ വിഭാഗവും കണക്കാക്കിയിരുന്നത്. അതുകൊണ്ട് വിശേഷിച്ച് കൂലി കൊടുക്കേണ്ടി വന്നിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന് പുറപ്പെട്ട ദേശീയബ്രാഹ്മണരുടെ കൂടെ പ്രത്യേക പാചകക്കാർ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എന്തിന് നക്സലൈറ്റുകളായി നമ്പൂതിരിക്കുട്ടികൾ വിപ്ലവത്തിനു പോയ ഒരു കാലം ഉണ്ടായിരുന്നല്ലോ. അന്നുപോലും പാചകക്കാരൻ രാമൻ നായർ അവർക്ക് കൂട്ടിനു പോയിരുന്നുവത്രെ.
ഏറ്റവും വിശിഷ്ടമായ പാചകകല സമർത്ഥമായി ചെയ്തു കൊണ്ടിരിക്കുന്ന പഴയിടം നമ്പൂതിരി കേരളത്തിൻ്റെ അഭിമാനമാണ്.
Post Your Comments