KeralaLatest News

ഇലന്തൂരിൽ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ഇനിയും രണ്ട് കുഴിമാടങ്ങള്‍ കൂടി: ഭയചകിതരായി പ്രദേശവാസികള്‍

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടുവളപ്പില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് കുഴിമാടങ്ങള്‍ കൂടിയുണ്ടെന്ന് സംശയം. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ അന്നേ സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കാതെ പൊലീസ്. കൊല്ലപ്പെട്ട പദ്മയുടെയും റോസ്‌ലിയുടെയും മൃതദേഹങ്ങള്‍ മറവുചെയ്തിരുന്നതിന് സമാനമാണ് ഇവയും.

ഇരട്ടക്കൊലയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ഇവ പൊലീസിന് കാണിച്ചു കൊടുത്തിരുന്നുവെന്ന് പ്രദേശവാസികള്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ഇനിയും അന്വേഷിച്ചില്ലെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

വള്ളിപ്പടര്‍പ്പുകള്‍ മൂടിയ സ്ഥലത്താണ് ഈ കുഴിമാടങ്ങള്‍. ഒന്ന് വീട്ടുമുറ്റത്തോട് ചേര്‍ന്നാണ്. ഇവിടെ ശംഖുപുഷ്പച്ചെടി പടര്‍ന്നിട്ടുണ്ട്. പദ്മയെ കുഴിച്ചിട്ട ഭാഗത്തിന് സമീപത്താണ് രണ്ടാമത്തേത്. നരബലി വെളിച്ചത്തു വരുന്നതിന് മുന്‍പുതന്നെ ഈ കുഴികളുടെ ഭാഗത്തു നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നരബലി അന്വേഷണം നടക്കുമ്പോള്‍ പൊലീസ് നായ്ക്കള്‍ ഈ രണ്ടു സ്ഥലങ്ങളിലും ഏറെനേരം നിന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ പതിനൊന്നിനാണ് നരബലി വിവരം പുറത്തറിയുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്ന സമയത്താണ് മറ്റു രണ്ടു കുഴികളെപ്പറ്റി പൊലീസിന് സൂചന നല്‍കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചിരുന്നു. പദ്മയുടെയും റോസ്ലിയുടെയും തിരാേധാന കേസുകള്‍ മാത്രമാണ് നിലവില്‍ അന്വേഷിക്കുന്നത് എന്നായിരുന്നു അന്ന് പൊലീസിന്റെ മറുപടി.

എന്നാല്‍, ഇവ പരിശോധിക്കുകയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്താല്‍ അതിന് പിന്നാലെ പോകേണ്ടിവരുന്നത് ഒഴിവാക്കാനാണ് പൊലീസ് പരിശോധന നടത്താത്തതെന്നാണ് ആക്ഷേപം. അതേസമയം, വിശദമായി ചോദ്യം ചെയ്തിട്ടും പദ്മയെയും റോസ്ലിയേയും കൊലപ്പെടുത്തിയ വിവരം മാത്രമാണ് പ്രതികള്‍ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മറ്റു പരാതികളും ലഭിച്ചിട്ടില്ല.

അതേസമയം നരബലിക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട് സ്വദേശി പദ്മത്തെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് ആദ്യത്തെ കുറ്റപത്രം എറണാകുളം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കാൻ ഇരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഷാഫിയാണ് ഒന്നാം പ്രതി. ഭഗവൽ സിംഗ്,​ ഭാര്യ ലൈല എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button