ദിവസങ്ങൾക്ക് മുമ്പാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ പോയി സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഒരു സിനിമാപ്രേക്ഷക.
ജയ ലക്ഷ്മി തെക്കേവീട്ടിൽ ആണ് തന്റെ ‘മാളികപ്പുറം’ അനുഭവം പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് 2016 ൽ പുറത്തിറങ്ങിയ വേട്ട ആയിരുന്നു ജയ ലക്ഷ്മി അവസാനമായി തീയേറ്ററിൽ പോയി കണ്ട സിനിമ. അതിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവർ തീയേറ്ററിൽ പോയി ഒരു സിനിമ കാണുന്നത്. അതിനുള്ള കാരണവും ജയ ലക്ഷ്മി പങ്കുവെക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രമായ ‘വേട്ട’ കണ്ടുകൊണ്ടിരിക്കെയാണ് നടൻ കലാഭവൻ മണിയുടെ മരണവാർത്ത ജയ അറിയുന്നത്. അന്ന് ആ സിനിമ പൂർത്തിയാക്കാതെ പാതി വഴിയിൽ വെച്ച് തിരിച്ചു പോന്നതാണ്. അതിനു ശേഷം ഇന്നേ വരേ ജയ തീയേറ്ററിൽ കയറിയിട്ടില്ല.
ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ സിനിമ കാണണം എന്ന ആഗ്രഹം ജയയ്ക്ക് ഉണ്ടായിരുന്നു. തൈക്കാട് ശാസ്താം കോവിൽ നിന്നും മണ്ഡലക്കാലത്ത് കറുപ്പുടത്ത അയ്യപ്പന്മാരും മാളികപ്പുറങ്ങളും ശരണം വിളികളുമായി ശബരിമലക്ക് പോവുന്നത് കണ്ട് വളർന്നത് കൊണ്ട് വല്ലാതൊരു ബന്ധം ആ സിനിമയുമായി ഉണ്ടായിരുന്നു. അതുകൊണ്ടാണ് മണിയുടെ മരണ ശേഷം വേണ്ടെന്ന് വെച്ചിരുന്ന സിനിമ ബന്ധം വീണ്ടും തുടങ്ങിയത് എന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ജയ പറയുന്നു.
ജയ ലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്നലെ വർഷങ്ങൾക്ക് ശേഷം ഒരു സിനിമ തിയ്യേറ്ററിൽ പോയി കണ്ടു.. Unni Mukundan ൻ്റെ #മാളികപ്പുറം. ഞാൻ അവസാനമായി തിയ്യേറ്ററിൽ കണ്ട സിനിമ കുഞ്ചാക്കോ ബോബൻ്റെ വേട്ട ആയിരുന്നു. തിയ്യേറ്ററിൽ സിനിമ കാണുന്നതിൻ്റെ ഇടക്കാണ് കലാഭവൻ മണിയുടെ മരണ വാർത്ത മെസേജായി വന്നത്. വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്, അന്ന് ആ സിനിമ പൂർത്തിയാക്കാതെ പാതി വഴിയിൽ വെച്ച് തിരിച്ചു പോന്നതാണ്. അതിനു ശേഷം ഇന്നേ വരേ ഒരു സിനിമ പോലും തിയ്യേറ്ററിൽ നിന്നോ അല്ലാതെയോ ഞാൻ കണ്ടിട്ടില്ല.
എന്നാൽ മാളികപ്പുറത്തിൻ്റെ ട്രയിലർ കണ്ടത് മുതൽ മനസിൽ നിന്നും ആ സിനിമ കാണണമെന്ന് വല്ലാത്തൊരു തോന്നലായിരുന്നു. ഞാൻ എൻ്റെ ചെറുപ്പം മുതൽ പോയിരുന്ന തൈക്കാട് ശാസ്താം കോവിൽ നിന്നും മണ്ഡലക്കാലത്ത് കറുപ്പുടത്ത അയ്യപ്പന്മാരും മാളികപ്പുറങ്ങളും ശരണം വിളികളുമായി ശബരിമലക്ക് പോവുന്നത് കണ്ട് വളർന്നത് കൊണ്ട് വല്ലാതൊരു ബന്ധം ആ സിനിമയുമായി ഉണ്ടായിരുന്നു. അതു കൊണ്ടാണ് മണിയുടെ മരണ ശേഷം വേണ്ടെന്ന് വെച്ചിരുന്ന സിനിമ ബന്ധം വീണ്ടും തുടങ്ങിയത്. ഇന്നലെ ഈ കാര്യം സുഹൃത്ത് Sandhya Satheesh യോട് പറഞ്ഞപ്പോൾ അവളും ഇത് കാണണമെന്ന ആഗ്രഹവുമായി ഇരിക്കുകയാണെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി വൈകുന്നേരത്തെ ഷോയ്ക്ക് ഏരീസ് പ്ലെക്സിൽ ടിക്കറ്റു എടുത്തു.
സിനിമയെ പറ്റി കൂടുതൽ എന്ത് പറയാൻ..
മനസ് നിറച്ചു..കണ്ണ് നിറച്ചു..
കുഞ്ഞു മാളികപ്പുറത്തിനൊപ്പം മനസ് സഞ്ചരിക്കുകയായിരുന്നു. പകുതിയാവുബോഴേക്കും പട്ടടയുടെ ശരണം വിളിയും കല്ലുവിൻ്റെ അവസ്ഥയും കണ്ട് തിയ്യേറ്ററിൽ ഇരുന്ന് എൻ്റേയും കണ്ണ് നിറഞ്ഞു.
സിനിമയിൽ എല്ലാവരും ജീവിക്കുകയായിരുന്നു. കുട്ടികളുടെ അഭിനയം പറയാതെ വയ്യ അത്രക്കും മനോഹരമായിടുണ്ട്. ഉണ്ണി മുകുന്ദൻ്റേത് പറയാനില്ല കള്ളച്ചിരിയോടെയുള്ള കണ്ണിറുക്കലും ആക്ഷനും എല്ലാം സൂപ്പർ.സൈജുവും രമേശും മനോജും എല്ലാവരും സിനിമയിൽ ജീവിക്കുകയായിരുന്നു.
ഈ സിനിമക്ക് പിന്നിലെ എല്ലാവർക്കും നന്ദി..
എന്നെ പോലെയുള്ള ഒരുപാട് പേരെ വീണ്ടും വർഷങ്ങൾക്ക് ശേഷം തിയ്യേറ്ററിൽ എത്തിച്ചതിന്.
എല്ലാവിധ ആശംസകളും നേരുന്നു
ജയലക്ഷ്മി തെക്കേ വീട്ടിൽ
Post Your Comments