KeralaLatest News

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്: കരിദിനം ആചരിച്ച് കോൺഗ്രസ്

തിരുവനന്തപുരം: സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെയാകും സജി ചെറിയാന് നൽകുക.

സജിയെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ സി.പി.എം തീരുമാനിച്ചെങ്കിലും ഗവർണർ ഉടക്കിട്ടതോടെ മൂന്ന് ദിവസത്തെ അനിശ്ചിതത്വമുണ്ടായിരിന്നു. ഒടുവിൽ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അനുനയിപ്പിച്ചാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നേടിയെടുത്തത്. വൈകീട്ട് നാലിന് രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

ഒരു ബുധനാഴ്ചയാണ് സജി ചെറിയാൻ രാജിവച്ചത്. തിരിച്ചെത്തുന്നതു മറ്റൊരു ബുധനാഴ്ച. മാസത്തിലൊരിക്കൽ, ഒരു ബുധനാഴ്ച രാത്രി മന്ത്രിമാർ ഏതെങ്കിലുമൊരു മന്ത്രിയുടെ വീട്ടിൽ കൂടി അത്താഴം കഴിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എന്തഭിപ്രായവും അവിടെ പറയാം. അനൗദ്യോഗികമായതിനാൽ ഒന്നും രേഖയിലുണ്ടാവില്ല. 2022 ജൂലൈ ആറിന് അങ്ങനെ ചേരാനിരുന്ന ദിവസമാണ് സജി ചെറിയാൻ രാജിവച്ചത്. അദ്ദേഹം യോഗത്തിൽ പങ്കെടുത്തില്ല.

ഇന്നു മന്ത്രിസഭാ യോഗം രാവിലെയും സത്യപ്രതിജ്ഞ നാലു മണിക്കുമാണ്. അതുകൊണ്ട് മന്ത്രി സഭായോഗത്തിൽ സജി ചെറിയാനു പങ്കെടുക്കാനാവില്ല. എന്നാൽ, വൈകിട്ട് മന്തി ആന്റണി രാജുവിന്റെ വസതിയിൽ മന്ത്രിമാർ ഒത്തുചേരുമ്പോൾ അദ്ദേഹത്തിനു പങ്കെടുക്കാം. അതേസമയം സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പൊലീസിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണഘടനാ വിരുദ്ധ പ്രസംഗം അതേപോലെ നിലനിൽക്കുന്നതുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. കൂടാതെ കരിദിനവും ആചരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button