ടോക്കിയോ: തിരക്കാര്‍ന്ന നഗരജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് ഗ്രാമങ്ങളിലേയ്ക്ക് പോകാനായി ജനങ്ങളോട് ആഹ്വാനം ചെയ്ത് ജപ്പാന്‍ ഭരണകൂടം. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ് നീക്കം. ഗ്രാമത്തിലേക്ക് മാറുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം യെന്‍ നല്‍കും. രണ്ടു കുട്ടികളുള്ള കുടുംബം ഗ്രാമത്തിലേക്ക് മാറിയാല്‍ 30 ലക്ഷം യെന്‍ ലഭിക്കും.
2019ല്‍ ആരംഭിച്ച പദ്ധതിക്ക് കീഴില്‍ 2027-ഓടെ 10,000 പേര്‍ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,184 കുടുംബങ്ങള്‍ ഗ്രാമത്തിലെത്തി. 2020-ല്‍ 290 ഉം 2019-ല്‍ 71 ഉം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമായി.
സെന്‍ട്രല്‍ ടോക്കിയോ മെട്രോപൊളിറ്റന്‍ ഏരിയയില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. കുടുംബങ്ങള്‍ ഗ്രാമപ്രദേശത്ത് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധിക പിന്തുണയും നല്‍കും. ധനസഹായം വാങ്ങി ഗ്രാമങ്ങളില്‍ ജീവിതം തുടങ്ങുന്നവര്‍ അവിടെ പുതിയ വീടുകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താമസിക്കണം. കൂടാതെ വീട്ടിലെ ഒരു അംഗത്തിന് ജോലിയുണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു പുതിയ ബിസിനസ് തുറക്കാന്‍ പദ്ധതിയിടണം. അഞ്ച് വര്‍ഷം തികയുന്നതിന് മുന്‍പ് തിരികെ പോകുന്നവര്‍ പണം തിരികെ നല്‍കണം.
മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി യുവാക്കള്‍ കൂടുതലായി നഗരത്തിലേക്ക് ചേക്കേറുന്നതിനാല്‍, ജപ്പാനിലെ ഗ്രാമപ്രദേശങ്ങളില്‍ ജനസംഖ്യ കുറയുകയാണ്. മാത്രമല്ല, ജപ്പാനിലെ ജനസംഖ്യയിലും ജനനനിരക്കിലും ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments