പഴകിയ ആഹാരമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കി കഴിക്കുന്നത്, ബിരിയാണി പോലുള്ളവ വൈകി കഴിക്കുന്നത്, ബേക്കറിയിലെ പഴയ സ്‌നാക്കുകള്‍ കഴിക്കുന്നതെല്ലാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. ഭക്ഷണം പഴകുന്തോറും അതില്‍ അണുക്കളും വര്‍ദ്ധിച്ചുവരും. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാല്‍മണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും കാരണക്കാരാണ്. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ആഹാരം കഴിച്ചാല്‍ ഏകദേശം പന്ത്രണ്ടുമണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ഉണ്ടാകും.
വെള്ളം കുടിക്കാം
സാലഡ്, ചട്‌നി, തൈരുസാദം എന്നിവ തയ്യാറാക്കിയ ഉടന്‍ കഴിക്കേണ്ടവയാണ്, ഇല്ലെങ്കില്‍ വിഷബാധയുണ്ടാകും. പുറത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ പ്രഥമശുശ്രൂഷ എന്ന നിലയില്‍ ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. ലക്ഷണങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷബാധയെ നിര്‍വീര്യമാക്കുന്ന ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ ലഭിക്കും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
പഴകിയ ആഹാരം ഉപയോഗിക്കരുതെന്നതാണ് ഏറ്റവും പ്രധാനം. കഴിക്കാന്‍ വാങ്ങുന്ന വിഭവവും വാങ്ങുന്ന സ്ഥലവും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം.
എത്ര വിലകൂടിയ ആഹാരമായാലും രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ കഴിക്കരുത്.
പാകം ചെയ്ത ആഹാരം ഏറെനേരും പുറത്ത് തുറന്നുവയ്ക്കരുത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
തണുത്ത ഭക്ഷണം നന്നായി ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കുക.
തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബേക്കറിയില്‍ നിന്ന് വാങ്ങുന്ന പലഹാരങ്ങള്‍ അന്നന്നു പാകപ്പെടുത്തിയവയാണെന്ന് ഉറപ്പാക്കുക. പഴകിയ എണ്ണപ്പലഹാരങ്ങള്‍ കഴിക്കാതിരിക്കുക.
പായ്ക്കറ്റ് ഫുഡ് തെരഞ്ഞെടുക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി വാങ്ങണം. എക്‌സ്‌പെയറി ഡേറ്റ് പരിശോധിക്കാന്‍ മറക്കരുത്.
പാചകം ചെയ്യാനുള്ള പൊടികളും മറ്റും വാങ്ങുമ്പോള്‍ ഉപയോഗത്തിന് ആവശ്യമായ അളവില്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
Post Your Comments