കോഴിക്കോട്: 61-ാമത് സ്കൂൾ കലോത്സവത്തില്‍ 239 മത്സര ഇനങ്ങള്‍ വര്‍ണ വിസ്മയം ഒരുക്കുമ്പോഴും ആദിവാസികളും അവരുടെ കലാരൂപങ്ങളും ഇപ്പോഴും വേദിക്ക് പുറത്തുതന്നെയാണ്. 2015-ൽ വിഷയം ആദ്യമായി സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കലോത്സവത്തിൽ ആദിവാസി കലാരൂപങ്ങൾ ഉൾപ്പെട്ടില്ലെന്ന കുറവ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് അന്നൊരു ഉറപ്പു നല്‍കിയിരുന്നു. എന്നാൽ, കലോത്സവങ്ങൾ തുടങ്ങി 60 വര്‍ഷങ്ങള്‍ക്കിപ്പുറവും പരമ്പരാഗത ആദിവാസികലകളിൽ ഒന്നുപോലും മേളയുടെ ഭാഗമായിട്ടില്ല. വലിയൊരു വിഭാഗം ആദിവാസിക്കുട്ടികൾ ഈ ഉത്സവക്കാഴ്ചകൾക്ക് പുറത്തു തന്നെ നിൽക്കുകയാണിന്നും.
2015-ൽ കോഴിക്കോട് കലോത്സവം നടന്നപ്പോൾ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അന്ന് 232 ഇനങ്ങളായിരുന്നു കലോത്സവത്തിനുണ്ടായിരുന്നത്. ഏഴുവർഷം കൊണ്ട് ഏഴിനങ്ങൾ കൂടി വന്നു. എന്നാൽ, ഇപ്പോഴും മന്ത്രി നല്‍കിയ വാക്ക് പാലിക്കപ്പെട്ടിട്ടില്ല.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ 20 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ കുട്ടികൾക്കായി എല്ലാവർഷവും സർഗോത്സവമെന്ന പേരിൽ നടത്താറുണ്ടായിരുന്ന കലോത്സവം കോവിഡ് കാരണം മുടങ്ങിയിരുന്നു.
തനത് കലാരൂപങ്ങളായ ഗദ്ദിക, നാടൻപാട്ട്, വട്ടംകളി, മുതുവൻ നൃത്തം തുടങ്ങിയ സർഗോത്സവത്തിൽ നടക്കാറുണ്ട്. ഇത്തവണ കോഴിക്കോട്ട് നടക്കുന്ന കലോത്സവത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ചില ഇനങ്ങളിൽ മത്സരിക്കാനെത്തുന്നുണ്ട്. എന്നാൽ, പൊതുവിഭാഗത്തിലെ കുട്ടികളോട് മത്സരിക്കുന്നതിൽ നിന്ന് പല പരിമിതികളും അവരെ ഇപ്പോഴും തടയുന്നതായി ആണ് അധ്യാപകർ പറയുന്നത്.
Post Your Comments