തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്‍. പ്രസംഗം സംബന്ധിച്ച് നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം, ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ.
ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തിയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജി വച്ചത്.
എന്നാൽ, സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments