കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകൻ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ). ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ അംഗങ്ങളെ അതു പരിശീലിപ്പിച്ചു. മുബാറക്കിന്‍റെ വീട്ടില്‍നിന്ന് മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയെന്നും ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത് ബാഡ്‍മിന്‍റൻ റാക്കറ്റിനുള്ളിലായിരുന്നെന്നും എന്‍ഐഎ പറയുന്നു.
20 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. ഇയാള്‍ പിഎഫ്‌ഐയിലെ കൊലപാതക സ്‌ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തി.നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ചില കേസുകള്‍ ഇയാൾ കൈകാര്യം ചെയ്തിരുന്നു. ഇയാളുടെ ഭാര്യയും അഭിഭാഷകയാണ്.
മുബാറക്കിന്റെ വൈപ്പിന്‍ എടവനക്കാട്ടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് പത്തംഗ എന്‍ഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്ക് ശേഷം മുബാറക്കിനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബാറക്കിന്റെ മാതാപിതാക്കൾ, ഭാര്യ, കുട്ടി എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്.
9 മണി വരെ പരിശോധന നീണ്ടു. മുഹമ്മദ് മുബാറക് പോപ്പുലർ ഫ്രണ്ടിന്റെ ആദ്യകാല പ്രവർത്തകനാണെന്നു നാട്ടുകാർ പറയുന്നു. നാട്ടിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചു.
Post Your Comments