Latest NewsKeralaNews

ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബി.ജെ.പി ആകില്ലെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് ആന്റണിയുടെ പ്രസ്താവനയെന്നും, ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ആരും ബി.ജെ.പി ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ തനിക്ക് ചില പരിപാടികൾ ഉള്ളത് കൊണ്ടാണ് യു.ഡി.എഫിന്റെ യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിൽ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി അക്കാര്യം പറഞ്ഞത്. അത് ശരിയായ നിലപാടാണ്. അതിൽ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തത്’, ചെന്നിത്തല പറഞ്ഞു.

മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽ പോയാൽ, നെറ്റിയിൽ തിലകം ചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ എന്നായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button