കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച കേസ്സിൽ രണ്ടാനച്ഛൻ പിടിയിൽ. ഇടുക്കി മറയൂർ സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ഹിൽപാലസ് ഇൻസ്‌പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ഭാര്യയും 5 കുട്ടികളുമായി ഇവിടെ ഒരു വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂത്ത മൂന്ന് പെൺകുട്ടികൾ പ്രതിയുടെ ഇപ്പോഴത്തെ ഭാര്യയുടെ ആദ്യഭർത്താവിലുള്ളതാണ്. ഇതിൽ 13 വയസ്സുള്ള മൂത്ത പെൺകുട്ടിയെയാണ് കഴിഞ്ഞ 26ന് രാത്രി പ്രതി ക്രൂരമർദനത്തിന് ഇരയാക്കിയത്. മദ്യപിച്ചെത്തി പെൺകുട്ടിയെ ചിരവ കൊണ്ടും സോസ് പാൻ കൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം സമീപവാസികൾ പൊലീസിൽ അറിയിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ മറയൂരിലേക്കുളള യാത്രാമധ്യേ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.
ക്രൂരമർദനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എസ്.ഐമാരായ എ. പ്രദീപ്, വി.ആർ. രേഷ്മ, എ.എസ്.ഐമാരായ രാജീവ്‌നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Post Your Comments