താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം.
താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം…
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ അകറ്റാന്‍ സഹായിക്കും. തലമുടിയിലും ശിരോചര്‍മ്മത്തിലും മുട്ടയുടെ മഞ്ഞ പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഒരു കപ്പ് തൈര്, ഒരു മുട്ടയുടെ വെള്ള, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം.
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
പത്ത് ചെമ്പരത്തി ഇലകൾ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണ്‍, അരക്കപ്പ് തൈര് എന്നിവ എടുക്കണം. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും കരുത്തുറ്റ മുടി വളരാനും സഹായിക്കും.
Post Your Comments