Life Style

സ്ഥിരമായി കണ്ണട ധരിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 

കണ്ണിന്റെ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന പരിഹാരമാണ് കണ്ണടകള്‍. കണ്ണടകളിലെ ലെന്‍സുകളാണ് നമ്മെ ശരിയായ കാഴ്ചയ്ക്ക് സഹായിക്കുന്നത്. അതുകൊണ്ടു തന്നെ കണ്ണിന്റെ പ്രശ്നത്തിന് അനുസരിച്ച് ഡോക്ടര്‍മാര്‍ അനുയോജ്യമായ ലെന്‍സുകള്‍ നിര്‍ദ്ദേശിക്കും.

പണ്ട് കണ്ണിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ആരോഗ്യത്തിനും വേണ്ടിയാണ് എങ്കില്‍ ഇന്ന് കണ്ണടകള്‍ ഫാഷന്റെ കൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ കാഴ്ചയ്ക്ക് ആകര്‍ഷകമായ കണ്ണടകള്‍ ആണ് നാം തിരഞ്ഞെടുക്കാറ്. എന്നാല്‍ എല്ലാ കണ്ണടകളും നമുക്ക് ഒരു പോലെ ഉപയോഗിക്കാനാകുമോ? കണ്ണടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കണ്ണിനെ ആകര്‍ഷിക്കുന്ന കണ്ണടകള്‍ തിരഞ്ഞെടുക്കാതെ കണ്ണുകള്‍ക്ക് അനുയോജ്യമായ കണ്ണടകള്‍ വേണം തിരഞ്ഞെടുക്കാന്‍. അനുയോജ്യമല്ലാത്ത കണ്ണടകള്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ട്രസ്, തലവേദന തുടങ്ങിയ പ്രശ്നങ്ങളാകും ശരിയായ കണ്ണടകള്‍ ഉപയോഗിക്കാതിരുന്നാലുള്ള ഫലം. ഇതിന് പുറമേ കാഴ്ചയ്ക്കും പ്രശ്നമുണ്ടായേക്കാം. അതിനാല്‍ കണ്ണട തിരഞ്ഞെടുക്കുമ്പോള്‍ ഭാരം, രൂപം, പൊസിഷന്‍ എന്നിവ ശ്രദ്ധിക്കണം.

കണ്ണടയില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിലെ ലെന്‍സ് ആണ്. അതിനാല്‍ ലെന്‍സ് ശരിയാംവിധം വൃത്തിയാക്കണം. അല്ലെങ്കില്‍ ലെന്‍സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ മയവും, പൊടിയും കാഴ്ചയെ ബുദ്ധിമുട്ടിലാക്കും. തലവേദനയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഇത് സൃഷ്ടിച്ചേക്കാം. അതിനാല്‍ ലെന്‍സ് അടിക്കടി തുടച്ച് വൃത്തിയാക്കണം.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന് എന്ന പോലെ കണ്ണുകള്‍ക്കും ദോഷമാണ്. അതിനാല്‍ ഇത്തരം രശ്മികളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന കണ്ണടകള്‍ വേണം ഉപയോഗിക്കാന്‍.

കണ്ണുകളുടെ പ്രശ്നങ്ങളെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കണ്ണട വാങ്ങും എങ്കിലും പലരും ഇത് കൃത്യമായി ധരിക്കാറില്ല. കണ്ണടവച്ചാല്‍ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതുള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഇത്. എന്നാല്‍ കണ്ണട കൃത്യമായി ധരിക്കണം. ഇതിലൂടെ മാത്രമേ കണ്ണിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.

കണ്ണടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷന്‍ മാത്രം നോക്കി തിരഞ്ഞെടുക്കരുത്. ശരിക്കും പാകമായ ഫ്രെയിം വേണം തിരഞ്ഞെടുക്കാന്‍. ഫ്രെയിം നെറ്റിയുടെ ഇരുവശങ്ങളിലും പറ്റിച്ചേര്‍ന്നിരിക്കരുത്. അമിത വലിപ്പമുള്ള ഫ്രെയിമുകള്‍ തിരഞ്ഞെടുക്കരുത്. ചെറിയ ഫ്രെയിമുകളാണ് അനുയോജ്യം.

shortlink

Related Articles

Post Your Comments


Back to top button