ArticleKeralaLatest NewsNewsWriters' Corner

‘തേപ്പുപ്പെട്ടി പദങ്ങൾ കൊണ്ടുവന്ന് അരുംകൊലയെ നോർമലൈസ് ചെയ്യരുത്, സമ്പൂർണ്ണ സാക്ഷരത ഒരു അലങ്കാരം മാത്രം’: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

തലസ്ഥാനജില്ലയിലെ വർക്കലയിൽ ഒരു പതിനേഴുകാരി പെൺകുട്ടി കൂടി കഴുത്തറുത്ത് കൊല ചെയ്യപ്പെട്ടു കേട്ടോ. ഇതിപ്പോൾ എത്രാമത്തെ അരുംകൊലയാണെന്ന് ഒരു പിടിയുമില്ല. കാരണം വീടിനുള്ളിലും പുറത്തും കഴുത്തറുത്തും പെട്രോൾ ഒഴിച്ചും ആസിഡ് ഒഴിച്ചുമൊക്കെ പെൺകുട്ടികൾ കൊല ചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറുന്നുണ്ട് നവോത്ഥാന കേരളത്തിൽ. പ്രണയവും പ്രണയനഷ്ടങ്ങളും നിരാസവും ഒന്നും ഈ കേരളത്തിൽ പുതിയ സംഭവമല്ല. ഒരു നോട്ടം കൊണ്ടും ചിരി കൊണ്ടും ഒക്കെ ഒരുപാട് സംസാരിച്ചിരുന്ന ആദ്യ കാല കൗമാര -കാമ്പസ് പ്രണയങ്ങൾ പിന്നീട് പുസ്തകത്തിനുള്ളിൽ തിരുകി വച്ച കുറിമാനങ്ങളായും വീട്ടിലെ ലാൻഡ് ഫോണുകളിൽ വരുന്ന കോളുകളായും മാറി.

പക്ഷേ അന്നൊന്നും റിലേഷൻഷിപ്പിൽ ടോക്സിസിറ്റി കലർന്നിരുന്നില്ല എന്നത് നേര്. ഒഴിവാക്കപ്പെടുമ്പോൾ ഉണ്ടാകുന്ന നോവ് കണ്ണീരായും കവിതകളായും നീട്ടി വളർത്തിയ താടിരോമങ്ങളായും മദ്യക്കുപ്പികളിൽ ഒളിപ്പിച്ച വിഷാദങ്ങളായും ആണും പെണ്ണും ഒഴുക്കി കളഞ്ഞു. അതിതീവ്രമായ ചില നിരാസങ്ങൾ സ്വയം മടക്കയാത്രയ്ക്കുള്ള ടിക്കറ്റെടുത്ത് ഒതളങ്ങ കഴിച്ചോ ഉറക്കഗുളികകളായോ മഹാനിദ്രയെ പൂകിയപ്പോൾ ചിലർ തൂങ്ങി നിന്നാടുന്ന ദേഹങ്ങളായി ദേഹിയെ വെടിഞ്ഞു .പ്രണയ നിരാസത്തിൻ്റെ നീറ്റുപാടങ്ങളെ സ്വയം ഏറ്റുവാങ്ങിയ ഒരു തലമുറ. ഇന്നത്തെ തലമുറ കേ 7 മാമ്മൻമാരെന്നും വസന്തങ്ങളെന്നും വിളിച്ചാക്ഷേപിക്കുന്ന ടീമുകൾ പ്രണയത്തിൻ്റെ പേരിൽ ജീവനെടുക്കുന്ന ടൈപ്പ് ടോക്സിസിറ്റി കൊണ്ടു നടന്നവരല്ലെന്ന് സാരം.

കാലം മാറി.. ഇൻ ആൻ ഓപ്പൺ റിലേഷൻഷിപ്പും ഡേറ്റിങ്ങും ബ്രേയ്ക്കപ്പും ലോക്കൽ സ്ലാങ്ങിലുള്ള തേപ്പും എല്ലാം ഗുൽമോഹർ ചോടുകളിൽ പൂത്തു തുടങ്ങി. ഒരു വിരൽത്തുമ്പ് കൊണ്ട് തൊട്ടാൽ കിട്ടുന്ന സകലമാന അറിവുകൾക്കൊപ്പം പ്രണയം എന്നത് ജസ്റ്റ് എ ടൈം പാസ്സ് ആയി മാറി പലർക്കും. എങ്കിലും നിരാസങ്ങളെയും ഒഴിവാക്കലുകളെയും നോ എന്ന വാക്കിനെയും പക കൊണ്ട് നേരിടണമെന്ന വാശിയായി. പ്രണയം നിഷേധിച്ചാൽ പെണ്ണിനെ കൊല്ലുന്ന മനസാക്ഷിയാണ് ഒരു യുവതയ്ക്കുള്ളതെങ്കിൽ അത് ആ നാടിന്റെ വളർച്ചയല്ല; മറിച്ച് തളർച്ചയാണ്. ഒരാളെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേയ്ക്ക് കേരളം വളരുമ്പോൾ തളരുന്നത് നമ്മുടെ തലമുറയാണ്. കൊല ചെയ്യപ്പെടുന്ന ആളിൻ്റെ ജീവനൊപ്പം കൊലക്കത്തിയെടുക്കുന്ന ആളുടെ ജീവിതവും ഇല്ലാതാവുക തന്നെയാണ്.

ഒരു ‘നോ’ യിൽ ഒതുക്കിയാൽ പട്ടാപ്പകൽ വെടിവയ്ക്കാനും പെട്രോളൊഴിക്കാനും കഴുത്തറുത്ത് കൊല്ലാനും കഴിയുന്ന തരം മാനസികാവസ്ഥയിലെത്തി നില്ക്കുന്ന നമ്മൾ സ്വയം അഡ്രസ്സ് ചെയ്യുന്നത് പ്രബുദ്ധർ എന്നാണ്. നൂറു ശതമാനം സാക്ഷരത എന്നാൽ മാനസികാരോഗ്യത്തിന്റെയോ, വകതിരിവിന്റെയോ , വിവേകത്തിന്റെയോ, അളവുകോൽ അല്ലായെന്നു അടിവരയിടുന്നുണ്ട് സമകാലികകേരളത്തിലെ ആരും കൊലകൾ. സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിന്റെ മതിലു കെട്ടിയ കേരളത്തിലാണ് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയാവുന്നത്.

അരുകൊലകൾക്ക് പ്രണയപ്പക എന്ന കിന്നരി വച്ച തലപ്പാവ് നല്കുന്നതിനോട് അങ്ങേയറ്റം വിയോജിപ്പാണ്. ഒരാളുടെ ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും ഉണ്ടാവുക? നോ എന്ന ഒരു നിരസിക്കലിൽ പക ഉണ്ടാവുന്നതാണോ പ്രണയം ? നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാകാത്ത മനുഷ്യർ കേവലം മാനസികവൈകല്യമുള്ളവരാണ്. അവർ അത്തരം നിരസിക്കലുകൾക്ക് പക കൊണ്ട് പ്രതികാരം ചെയ്യുന്ന കുറ്റവാളികളാണെങ്കിൽ സമൂഹത്തിന് ഭീഷണിയുമാണ്. പ്രണയത്തിന്റെ നരേഷനുകൾ വിട്ട് മാനസികാരോഗ്യതലത്തില്‍ തന്നെ ഈ ക്രൂരകൃത്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

പക എന്ന വൈകൃതത്തിന് അടിമപ്പെടുന്നവരാണ് ന്യൂ ജെൻ മല്ലൂസെങ്കിൽ നമ്മൾ നേടിയ സമ്പൂർണ്ണ സാക്ഷരത വെറും ഒരു അലങ്കാരം മാത്രമാണ്. സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ കൊലകള്‍ നടക്കുമ്പോള്‍ ഒരല്‍പം സഹതാപം കലര്‍ത്തി ആഘോഷിച്ച് അവസാനിപ്പിക്കുകയാണ് നമ്മുടെ പതിവ്. അത് തെറ്റാണ്. കൊന്നു തീര്‍ക്കുന്ന സ്നേഹം ഗുരുതരമായ മാനസികാരോഗ്യപ്രശ്നമാണ്. അതുള്ളവരെ തിരിച്ചറിയാനും തിരുത്താനും ചികില്‍സയെത്തിക്കാനും സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ട്. ഓരോ പ്രബുദ്ധ മലയാളിയെയും തിരിച്ചും മറിച്ചും കമിഴ്ത്തിയും കിടത്തി മാനസികനില പരിശോധിക്കേണ്ടതായ ഒരു ഘട്ടത്തിൽ നാം എത്തിയെന്നു തിരിച്ചറിയുക. പിന്നെ പൊതുസമൂഹത്തിനോട് ഒരപേക്ഷയുണ്ട്. കൊല്ലുന്നവൻ്റെ രാഷ്ട്രീയം നോക്കി ഐക്യപ്പെടുകയും വിയോജിക്കുകയും ചെയ്യുന്ന രീതി ഇത്തരം അരുംകൊലകളിലെങ്കിലും നമ്മൾ മാറ്റിനിറുത്തണം. തേപ്പ് അഥവാ തേപ്പുപ്പെട്ടി പദങ്ങൾ കൊണ്ടു വന്ന് ഒരു അരുംകൊലയെ നോർമലൈസ് ചെയ്യരുത്. ഈ നവോത്ഥാന കേരളത്തിൻ്റെ പോക്ക് മുന്നോട്ടല്ല; പിന്നോട്ടാണ്. കാലത്തിനൊപ്പം കോലം കെട്ടാനെ യുവത ശീലിച്ചിട്ടുള്ളൂ; മുന്നോട്ടു പോകാൻ പഠിച്ചിട്ടില്ല… മയക്കുമരുന്നും ലഹരിയും ശീലിച്ച തീർത്തും ടോക്സിക്കായ ഒരു ജനറേഷനാണ് നമ്മുടേതെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button