തിരുവനന്തപുരം: നോട്ട് എഴുതാതെ ക്ലാസില്‍ വന്നതിന്റെ പേരില്‍ അധ്യാപകന്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ബഞ്ചിലിടിച്ചു വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നട്ടെല്ലിന് സാരമായ പരിക്ക്. കുട്ടി ഒന്നര മാസമായി ചികിത്സയിലാണ്. നോട്ട് എഴുതിയില്ലെന്ന കുറ്റത്തിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെറിയുകയായിരുന്നു.
നവംബര്‍ 16ന് വെഞ്ഞാറമൂട് പാറയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ അമീര്‍ ഖാനെതിരേ വെഞ്ഞാറമൂട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും പരാതിയുയര്‍ന്നു. ഇടതു സംഘടനാ നേതാവു കൂടിയായ അമീര്‍ ഖാനെ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
മൊഴി മാറ്റിപ്പറയാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നു കുട്ടിയുടെ അമ്മയ്ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണമുണ്ട്. ഒരു മാസത്തിലേറെയായി കുട്ടി സ്‌കൂളില്‍ എത്താതിരുന്നിട്ടും സ്‌കൂളില്‍നിന്ന് ആരും അന്വേഷിച്ചില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍, സംഭവം മനപ്പൂര്‍വ്വമല്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടിയെ അധ്യാപകന്‍ പിടിച്ചു ഇരുത്തിയപ്പോള്‍ പുറകിലിരുന്ന ബഞ്ചില്‍ കൊള്ളുകയായിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
നോട്ട് എഴുതാതെ ക്ലാസില്‍ വന്ന പാറയ്ക്കല്‍ മൂളയം സ്വദേശിയായ ആറാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ വെച്ച് അമീര്‍ഖാന്‍ ഷര്‍ട്ടില്‍ തൂക്കി ബഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പരാതി. വീഴ്ചയില്‍ ബഞ്ചിന്റെ അഗ്രത്തില്‍ നട്ടെല്ല് ഇടിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു. പിറ്റേന്നും വേദന മാറാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരിക്കേറ്റെന്ന് മനസ്സിലായത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.
Post Your Comments