തിരുവനന്തപുരം: അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രാദേശിക സഹകരണസംഘത്തിൽ ജോലി ചെയ്തയാൾക്ക് പിരിയുമ്പോൾ 69 ലക്ഷം രൂപ കിട്ടുമെന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ നോട്ട് നിരോധനസമയത്തും ഇപിക്കെതിരെ ആരോപണമുണ്ടായിരുന്നു. ജയരാജൻ എവിടുന്നാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് ജനങ്ങളോട് സിപിഎം പറയണം. വിഷയത്തിൽ എം വി ഗോവിന്ദനോ കേന്ദ്രകമ്മിറ്റിയോ ഇടപെടാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ഉയർന്നിരിക്കുന്നത് ഇ പി ജയരാജന്റെ മാത്രമല്ല, സിപിഎമ്മിലെ വലിയ അഴിമതിക്കാരുടെ പട്ടികയിലേക്ക് വിരൽചൂണ്ടുന്ന ആരോപണമാണ്. അതുകൊണ്ടാണ് പ്രശ്‌നം പറഞ്ഞുതീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നത്. പൊതുപ്രവർത്തന അഴിമതി നിരോധന നിയമത്തിന്റെ കീഴിൽ വരുന്നതാണ് ജയരാജനെതിരെ ഉയർന്ന ആരോപണം. ഇത്രയും ഗൗരവതരമായ ആരോപണം എന്തുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷിക്കാൻ തയ്യാറാവാതിരുന്നതെന്ന് മനസിലാവുന്നില്ല. ഇപിക്കെതിരെ അന്വേഷണം നടന്നാൽ പല കാര്യങ്ങളും പുറത്തറിയും എന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇ പി ജയരാജൻ നടത്തുന്ന അഴിമതികൾ മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ ഏജൻസികൾ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നാണ് ജനങ്ങളുടെ സംശയം. സിപിഎം നേതാക്കൾക്ക് സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ- ലഹരിമാഫിയ സംഘങ്ങളുമായാണ് ബന്ധമുള്ളത്. കണ്ണൂരിലും തിരുവനന്തപുരത്തും മാത്രമല്ല എല്ലാ സ്ഥലത്തും ഇതാണവസ്ഥയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read Also: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം
Post Your Comments