Latest NewsNewsDevotional

ക്ഷേത്ര ദർശനം നടത്തുമ്പോൾ പാലിക്കണം ഈ ചിട്ടകൾ

ഭഗവാൻ സർവവ്യാപിയാണെങ്കിലും ഭഗവൽ ചൈതന്യം മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. അനുകൂല ഊർജം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട്. ഭക്തിക്ക് പ്രാധാന്യം നൽകിവേണം ക്ഷേത്രദർശനം നടത്തേണ്ടത്.

  • കുളിച്ചു ശരീരശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെ ഉള്ളതോ ആയ വസ്ത്രമാണ് അഭികാമ്യം.
  • സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല.
  • പുല, വാലായ്മ, ആർത്തവം തുടങ്ങിയ സമയങ്ങളിൽ ക്ഷേത്ര ദർശനം പാടില്ല. പുലയിൽ 16 ദിവസവും വാലായ്മയിൽ 11 ദിവസവും ആർത്തവം കഴിഞ്ഞു 7 ദിവസത്തിനും ശേഷമേ ക്ഷേത്ര ദർശനം നടത്താവൂ. ഗർഭിണികൾ ഏഴാം മാസം തുടങ്ങി കുഞ്ഞിന് ചോറ് കൊടുക്കുന്നിടം വരെയും ദർശനം പാടില്ല.
  • ക്ഷേത്രത്തിനുള്ളിൽ വച്ച് ഉച്ചത്തിലുള്ള സംസാരം, ചിരി, പരിചയം പുതുക്കൽ, പരദൂഷണം എന്നിവ ഒഴിവാക്കി കഴിവതും നാമജപം മാത്രമായിരിക്കണം നമ്മുടെ ചുണ്ടുകളിൽ നിറയേണ്ടത്. മത്സ്യമാംസാദികൾ, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗശേഷവും പ്രവേശനം പാടില്ല.
  • ശ്രീകോവിലിന്റെ നടയിലും ബലിക്കല്ലുകളിലും തൊട്ടു തൊഴുക, കർപ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാൽ തൊട്ടുതൊഴരുത്. മൂന്നു തവണ ക്ഷമാപണ മന്ത്രം ജപിക്കുക.
  • ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.
  • പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും ചെയ്യണം. സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല, ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം.
  • ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റു പ്രസാദങ്ങളും അവിടെ തന്നെ ഉപേക്ഷിക്കരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടുന്നതും മറ്റു പ്രസാദങ്ങൾ സേവിക്കുന്നതും.
  • ചുറ്റമ്പലത്തിനു പുറത്തൂടെ വലം വച്ചശേഷം ക്ഷേത്രത്തിനകത്തേക്കു കയറി ഭഗവാന്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ തൊഴുക. ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്പത്തിലാണ് ഭഗവാന്റെ വാഹനത്തെ വന്ദിക്കുന്നത്. ഭഗവാനും ഭഗവൽ വാഹനത്തിനും ഇടയിലൂടെ നടക്കരുത്.
  • അതാത് ദേവന്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവും ഫലം. എല്ലാ ദേവീദേവന്മാർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button