Latest NewsKeralaNews

‘സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധം, അന്വേഷിക്കണം’: ജയരാജനെതിരെ പരാതികളുടെ കുത്തൊഴുക്ക്

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പാർട്ടി സമ്മർദ്ദത്തിലാണ്. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പാർട്ടി. പി. ജയരാജൻ ആണ് ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ, പി. ജയരാജനെതിരെ പരാതികളുടെ പ്രളയമാണ്. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചതായി റിപ്പോർട്ട്. കണ്ണൂർ കേന്ദ്രീകരിച്ച് നടത്തുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷനുകളിൽ പി.ജയരാജന് ബന്ധമുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് പരാതികളിൽ ആവശ്യപ്പെടുന്നത്.

ഇ.പിയെ ചൊരിഞ്ഞതിനുള്ള മറുപടിയാണ് ഈ പരാതികളെന്നാണ് പൊതുവെയുള്ള അഭിപ്രായം. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സി.പി.എമ്മിന് പരാതി ലഭിച്ചതായാണ് വിവരം. പി.ജെ ആർമിയും തുടക്കം മുതൽ മറ്റ് നേതാക്കൾക്ക് കണ്ണിലെ കരടായിരുന്നു. പാർട്ടിക്കും മുകളിൽ ഒരു നേതാവ് വളരുന്നത് അംഗീകരിക്കാനാകില്ലെന്നും, ഒരു നേതാവിനും വേണ്ടി പ്രത്യേക ആർമി ഒന്നും വേണ്ടെന്നുമുള്ള നിലപാടായിരുന്നു തലമുതിർന്ന നേതാക്കൾ മുൻപ് വാദിച്ചിരുന്നത്.

ഏതായാലും ഇ.പിക്കെതിരെ ആരോപണമുയർത്തിയതോടെ പി ജയരാജൻ നേതാക്കളുടെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടുവോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പി ജയരാജനെതിരെ ഉയരുന്ന പരാതികൾ. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്ന പരാതിയും പാർട്ടി അന്വേഷിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.

എൽഡിഎഫ് കൺവിനറും മുതിർന്ന നേതാവുമായ ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ, രേഖാമൂലം ഇപി ജയരാജനെതിരെ പരാതി നൽകിയാൽ അന്വേഷിക്കാമെന്നാണ് എംവി ഗോവിന്ദൻ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്ര നേതൃത്വത്തിൻറെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകുകയുള്ളു. പിബി അനുമതിയോടെ ഇപിക്കെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം വരാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button